തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളില്‍ സംസ്ഥാനത്ത് മരണം ആറായി. രണ്ടു പേരെ കാണാതായി. അരുവിക്കര പൈക്കോണം ദുർഗാ ക്ഷേത്രത്തിന് സമീപം അനു നിവാസില്‍ അശോകൻ (56) കിള്ളിയാറില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ബുധനൂരില്‍ കാല്‍വഴുതി തോട്ടില്‍ വീണ വയോധിക മരിച്ചു. ബുധനൂർ കടമ്ബൂർ ഒന്നാം വാർഡില്‍ ചന്ദ്ര വിലാസത്തില്‍ പരേതനായ രാഘവന്‍റെ ഭാര്യ പൊടിയമ്മയാണ് (80) മരിച്ചത്.
ഞായറാഴ്ച രാത്രി 7.30ഓടെയാണ് അപകടം സംഭവിച്ചത്. തോടിനുമുകളിലെ സ്ലാബില്‍ ചവിട്ടിയപ്പോള്‍ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.
അതേസമയം, കോട്ടയം മുണ്ടക്കയത്ത് മണിമലയാറ്റില്‍ ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായി. കല്ലേപ്പാലം കളപ്പുരയ്ക്കല്‍ തിലകനെ (46) മണിമലയാറ്റില്‍ കാണാതായി.
നാലു ജില്ലകളില്‍ മഴക്ക് സാധ്യത
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്കും സാധ്യതയുണ്ട്.
കടലില്‍ പോകരുത്
ശക്തമായ കാറ്റും മോശം കാലാവസ്ഥയെയും തുടർന്ന് തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം ജില്ലകള്‍ ഓറഞ്ച് അലർട്ടിലും തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ ജില്ലകള്‍ യെല്ലോ അലർട്ടിലുമാണ്.
കനത്ത മഴയെ തുടർന്ന് വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രികാലയാത്ര നിരോധിച്ചു. ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് തീക്കോയി കല്ലംഭാഗത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു.