തിരുവനന്തപുരം: ഒരിടവപ്പാതി കാലത്തെ കോരിച്ചൊരിയുന്ന മഴക്കാലത്ത് ഗുരുവായൂരിലെ ഒരു ഹോട്ടലില്‍ നിന്നുള്ള അനുഭവത്തില്‍ നിന്നാണ് ഇന്ത്യന്‍ ടെലികോം മേഖലയിലെ ആദ്യ കമ്പനിയായ ബിപിഎല്‍ മൊബൈല്‍ എന്ന ആശയം രാജീവ് ചന്ദ്രശേഖറിന് ലഭിക്കുന്നത്. മുന്‍ അംബാസ്സഡര്‍ ടി. പി. ശ്രീനിവാസന്‍ എഴുതിയ രാജീവ് ചന്ദ്രശേഖര്‍ ഒരു വിജയഗാഥ എന്ന പുസ്തകത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ ആ കൗതുക കഥ പറയുന്നത്. 1991 ആണ് കാലം. അമേരിക്കയിലെ ഇന്റല്‍ കമ്പനിയില്‍ ചിപ്പ് ഡിസൈനിങ് പൂര്‍ത്തിയാക്കി മൂന്ന് മാസക്കാലത്തേക്ക് അവധിയെടുത്തു നാട്ടിലേക്ക് രാജീവ് ചന്ദ്രശേഖര്‍ മടങ്ങി സമയം. അമേരിക്കയില്‍ വെച്ച് കണ്ടുമുട്ടിയ അഞ്ചുവിനെ വിവാഹം കഴിക്കുന്നതിനായിരുന്നു ആ യാത്ര. ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് വിപ്ലവം കുറിച്ച തലശ്ശേരി സ്വദേശി കെ പി ജി നമ്പ്യാരുടെ മകള്‍ ആണ് അഞ്ചു. അമേരിക്കയിലെ പഠനകാലത്താണ് ഇരുവരും പരിചയത്തിലാകുന്നത്.
വിവാഹത്തിനായി നാട്ടിലെത്തിയ ആദ്യ നാളുകളില്‍ അച്ഛന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന കോണ്‍ഗ്രസ് നേതാവ് രാജേഷ് പൈലറ്റിനെ കാണാന്‍ അച്ഛനൊപ്പം രാജീവും ഡല്‍ഹിയിലേക്ക് വന്നു. ഈ കൂടിക്കാഴ്ചയിലാണ് രാജേഷ് പൈലറ്റ് ഇന്ത്യന്‍ ടെലികോം രംഗത്ത് വരാന്‍ പോകുന്ന മാറ്റത്തിനെക്കുറിച്ചും അതിന്റെ അവസരങ്ങളെക്കുറിച്ചും രാജീവ് ചന്ദ്രശേഖറിനോട് പറയുന്നത്. രാജേഷ് പൈലറ്റ് രാജീവിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. താരതമ്യേന നല്ല ഒരു ജോലിയും ഗ്രീന്‍ കാര്‍ഡുമൊക്കെ കിട്ടിയ ഒരു ചെറുപ്പകാരനോടാണ് അന്ന് അതെല്ലാം ഉപേക്ഷിച്ചു ഇന്ത്യയിലേക്ക് വരാനും രാജ്യത്തിനായി എന്തെങ്കിലും ചെയ്യാനും സ്വാഗതം ചെയ്യുന്നത്. രാജീവ് രാജേഷ് പൈലറ്റിനെ സശ്രദ്ധം കേട്ടു. തിരികെ മടങ്ങി, അഞ്ചുവിനെ ജീവിതസഖിയാക്കി. ഉടന്‍ അമേരിക്കയിലേക്ക് തിരിച്ചു പോകുന്നതിനും ഗ്രീന്‍ കാര്‍ഡ് പുതുക്കുന്നതിനും ശ്രമങ്ങള്‍ തുടങ്ങി. ഇതിനിടയില്‍ ദമ്പതികള്‍ പ്രിയ ഭഗവാന്‍ ഗുരുവായൂരപ്പനെ കാണുന്നതിന് ഗുരുവായൂരിലെത്തി. അക്കാലം ഒരു ഇടവപ്പാതിക്കാലമായിരുന്നു. പതിവിലും ശൗര്യം കാണിച്ച മഴക്കാലം. രാജീവ് ചന്ദ്രശേഖറിന് ഗ്രീന്‍ കാര്‍ഡ് പുതുക്കുന്നതിന് അമേരിക്കന്‍ എംബസിയിലേക്ക് ആ ദിവസം വിളിക്കേണ്ടതുണ്ടായിരുന്നു. പുറത്തു മഴ അതിന്റെ താണ്ഡവനൃത്തമാടുന്നു. അന്നേ ദിവസം ഗ്രീന്‍ കാര്‍ഡ് അപേക്ഷ പുതുക്കാനായില്ലെങ്കില്‍ മടക്കയാത്രയും മറ്റു കാര്യങ്ങളും വൈകും. രാജീവിന്റെ ശ്രമം ആ പെരുമഴയത്ത് നടക്കാതെ പോയി..
ഇന്ത്യയില്‍ നിന്നും ധാരാളം പേര്‍ ഗള്‍ഫ് നാടുകളിലേക്ക് ജോലിക്കായി പോയ ഒരു നാടായിരുന്നു കേരളം. അവിടെ ടെലിഫോണ്‍ വിളിക്കാന്‍ പരിമിതമായ സംവിധാനത്തേക്കുറിച്ചുള്ള ചിന്ത രാജീവ് ചന്ദ്രശേഖര്‍ തന്റെ സ്വനുഭവത്തിലൂടെ അറിഞ്ഞു. ആ നിമിഷം അദ്ദേഹം രാജേഷ് പൈലറ്റിന്റെ വാക്കുകള്‍ ഓര്‍ത്തു. സാങ്കേതികയുടെ അപര്യാപതത കൊണ്ട് മുന്നോട്ട് പോകാനാകാതെ കിതച്ചുനില്‍ക്കുന്ന ടെലികോം മേഖലയ്ക്ക് എന്തെങ്കിലും തനിക്ക് ചെയ്യാന്‍ കഴിയുമോ എന്ന ചിന്ത രാജീവിന്റെ മനസ്സിലേക്ക് വന്നു. കാത്തിരുന്ന് കിട്ടാതെ പോയ ട്രങ്ക് കോളിന് ശേഷം മഴപെയ്തു തോര്‍ന്ന ആ നിമിഷം രാജീവ് ഒരു തീരുമാനമെടുത്തു. ഇനി ഒരു മടക്കയാത്ര ഇല്ല. രാജ്യത്തിന് തന്റെ സേവനം ആവശ്യമാണ്.
ആ ഇടവപ്പാതിയില്‍ ഗുരുവായൂരില്‍ നിന്ന് വിളിക്കാന്‍ ശ്രമിച്ച ആ ട്രങ്ക് കോള്‍ ഇന്ത്യന്‍ വാര്‍ത്താവിനിമയരംഗത്തിന്റെ മാറ്റത്തിന് നാന്ദി കുറിയ്ക്കുന്നതായിരുന്നു. രാജീവ് ചന്ദ്രശേഖര്‍ എന്ന സംരംഭകന്‍ പിറവികൊള്ളുന്നതും അന്നായിരുന്നു.