കാസര്‍ഗോഡ്: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇന്നു കേരളത്തിലെത്തും. കാസര്‍ഗോഡ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.
ഉച്ചയ്ക്ക് 12.30ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കണ്ണൂരില്‍ എത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി എം.വി.ഗോവിന്ദന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും. 3.30ന് കാസര്‍ഗോഡ് പെരിയയിലെ കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്ന ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് വൈകുന്നേരം കൊച്ചിയിലേക്ക് തിരിക്കും.
നാളെ രാവിലെ 9.50 മുതല്‍ കൊച്ചി ദക്ഷിണ നാവിക കമാന്‍ഡില്‍ നാവികസേനയുടെ അഭ്യാസ പ്രകടനങ്ങള്‍ വീക്ഷിക്കും. തുടര്‍ന്ന് ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിക്കും. 23 വ്യാഴാഴ്ച രാവിലെ അദ്ദേഹം തിരുവനന്തപുരത്തേക്കു തിരിക്കും. അവിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കും. 11.30നു പൂജപ്പുരയില്‍ നടക്കുന്ന പി.എന്‍.പണിക്കരുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ രാഷ്‌ട്രപതി പങ്കെടുക്കും. അന്ന് വൈകിട്ട് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനം നടത്തി 24ന് രാവിലെ ഡല്‍ഹിക്കു മടങ്ങും.
അതേസമയം, കാസര്‍ഗോഡ് ഇന്ന് രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന പരാതിയുമായി ജനപ്രതിനിധികള്‍ രംഗത്തെത്തി. പ്രോട്ടോക്കോള്‍ പാലിക്കാതെ ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ച് സമ്ബൂര്‍ണ കാവിവല്‍ക്കരിക്കപ്പെട്ട പരിപാടിയായി ചടങ്ങിനെ മാറ്റിയെന്ന് കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ഇത് തികച്ചും ജനാധിപത്യ വിരുദ്ധവുമാണെന്നും രാഷ്ട്രപതിയെക്കൂടി അപമാനിച്ചിരിക്കുകയാണ് സര്‍വ്വകലാശാല അധികൃതര്‍ എന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.
രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സ്ഥലം എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്ബു പറഞ്ഞു.