സാങ്കേതിക പ്രശ്നം തുടരുന്നതിനാല്‍ സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ് നിർത്തിവച്ചു.
തിരുവനന്തപുരം: സാങ്കേതിക പ്രശ്നം തുടരുന്നതിനാല്‍ സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ് നിർത്തിവച്ചു. റേഷൻ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കാൻ എൻഐസിക്കും ഐടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ് നിർത്തിവച്ചതായി ഭക്ഷ്യമന്ത്രി ജിആർ അനില്‍ അറിയിച്ചു.
റേഷൻ വിതരണം തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
സാങ്കേതിക തകരാർ പൂർണമായി പരിഹരിച്ചതായി എൻഐസിയും ഐടി മിഷനും അറിയിച്ച ശേഷം മാത്രമേ സംസ്ഥാനത്ത് മസ്റ്ററിങ് പുനരാരംഭിക്കൂ. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങള്‍ക്കും മസ്റ്ററിങ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുമെന്നും ആശങ്കവേണ്ടെന്നും മന്ത്രി ജിആർ അനില്‍ വ്യക്തമാക്കി.
മാർച്ച് 15, 16, 17 തീയതികളിലാണ് സംസ്ഥാനത്ത് മസ്റ്ററിങ് നിശ്ചയിച്ചിരുന്നത്. ഒരേസമയം റേഷൻ വിതരണവും മസ്റ്ററിങ്ങും ഒരുമിച്ച് നടക്കുമ്ബോള്‍ സർവ്വറില്‍ ഉണ്ടാകാനിടയുള്ള ലോഡ് കുറയ്ക്കുന്നതിനായി റേഷൻ വിതരണം ഈ ദിവസങ്ങളില്‍ നിർത്തിവച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പലയിടത്തും മസ്റ്ററിങ് തടസ്സപ്പെടുന്ന അവസ്ഥയാണുണ്ടായത്.
കേരളത്തിലെ മുഴുവൻ മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെയും മസ്റ്ററിങ് ഘട്ടം ഘട്ടമായി പൂർത്തിയാക്കുന്നതിനുള്ള നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഭക്ഷ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാർച്ച് 31ന് മുൻപ് മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കില്‍ റേഷൻ നിഷേധിക്കപ്പെടുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി അറിയിച്ചു.