പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരൻ സാമ്ബത്തിക തട്ടിപ്പുകേസില്‍ അറസ്റ്റില്‍.
ചെന്നൈ: പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരൻ സാമ്ബത്തിക തട്ടിപ്പുകേസില്‍ അറസ്റ്റില്‍. ഒരു വ്യവസായിയില്‍ നിന്ന് 16 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ സെൻട്രല്‍ ക്രൈംബ്രാഞ്ചാണ് നിര്‍മാതാവിനെ അറസ്റ്റ് ചെയ്തത്.
ചെന്നൈ സ്വദേശിയായ ബാലാജിയുടെ പരാതിയിലാണ് നടപടി.
ലിബ്ര പ്രൊഡക്ഷൻസ് എന്ന കമ്ബനിയുടെ ബാനറിലാണ് രവീന്ദര്‍ സിനിമകള്‍ നിര്‍മിച്ചിരുന്നത്. 2020ലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. മുനിസിപ്പല്‍ ഖരമാലിന്യം ഊര്‍ജമാക്കി മാറ്റുന്ന പവര്‍ പ്രോജക്‌ടുമായി ബന്ധപ്പെട്ടാണ് രവീന്ദറും ബാലാജിയും കൂടിക്കാഴ്‌ച നടത്തുന്നത്. തുടര്‍ന്ന് 2020 സെപ്‌തംബര്‍ 17ന് ഇരുവരും നിക്ഷേപ കരാറില്‍ ഏര്‍പ്പെടുകയും 15,83,20,000 രൂപ ബാലാജി രവീന്ദറിന് നല്‍കുകയും ചെയ്തു. എന്നാല്‍ പണം കൈപ്പറ്റിയതിനുശേഷം രവീന്ദര്‍ ബിസിനസ് ആരംഭിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
ബാലാജിയില്‍ നിന്ന് പണം തട്ടിയെടുക്കാൻ രവീന്ദര്‍ വ്യാജരേഖ കാണിച്ചതായി അന്വേഷണത്തില്‍ വ്യക്തമായെന്ന് പൊലീസ് പറയുന്നു. ഒളിവില്‍പ്പോയ രവീന്ദറെ ചെന്നൈയില്‍ നിന്ന് പിടികൂടി കോടതിയില്‍ ഹാജരാക്കി. നിര്‍മാതാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.
ഇതാദ്യമായല്ല, രവീന്ദര്‍ വിവാദങ്ങളില്‍പ്പെടുന്നത്. നടിയും അവതാരകയുമായ മഹാലക്ഷ്‌മിയുമായുള്ള വിവാഹം ഏറെ ചര്‍ച്ചയായിരുന്നു. ഇവര്‍ തമ്മില്‍ പിരിയുകയാണെന്ന വാര്‍ത്തകളും അടുത്തിടെ പ്രചരിച്ചിരുന്നു. ഇരുവരും സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.