ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലാന്‍ഡ്മാര്‍ക്ക്; ബുര്‍ജ് ഖലീഫക്ക് പുതിയ റെക്കോര്‍ഡ്

August 20, 2023
22
Views

സൂചിയുടെ ആകൃതിയില്‍ 828 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച അംബരചുംബിയായ കെട്ടിടമാണ് ദുബായിലെ ബുര്‍ജ് ഖലീഫ.

സൂചിയുടെ ആകൃതിയില്‍ 828 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച അംബരചുംബിയായ കെട്ടിടമാണ് ദുബായിലെ ബുര്‍ജ് ഖലീഫ. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച കലാസൃഷ്ടി എന്നു വിശേഷിപ്പിക്കാവുന്ന ബുര്‍ജ് ഖലീഫ ഇതിനോടകം പല റെക്കോര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാര്‍ക്ക് (world’s most popular landmark) എന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് ബുര്‍ജ് ഖലീഫ. പ്രതിവര്‍ഷം 17 ദശലക്ഷം സന്ദര്‍ശകരാണ് ഇവിടെയെത്തുന്നത്.

സ്വിച്ച്‌ ഓണ്‍ ബിസിനസ് എന്ന അനലിറ്റിക്സ് വെബ്സൈറ്റ് നടത്തിയ പഠനത്തിലാണ് പുതിയ കണക്കുകളുള്ളത്. ആഗോളതലത്തില്‍ ഏറ്റവുമധികം ശ്രദ്ധയാകര്‍ഷിച്ചതും ലോകത്തെ ഏറ്റവും അറിയപ്പെടുന്നതുമായ 150-ലധികം ലാൻഡ്‌മാര്‍ക്കുകളാണ് പഠനവിധേയമാക്കിയത്. ഇവിടങ്ങളിലെത്തുന്ന ശരാശരി സന്ദര്‍ശകരുടെ എണ്ണവും വിശകലനം ചെയ്തു.

പാരീസിലെ പ്രശസ്തമായ ഈഫല്‍ ടവറിന്റെ മൂന്നിരട്ടി ഉയരമുള്ള ബുര്‍ജ് ഖലീഫയുടെ പേര് ഏകദേശം 22 ദശലക്ഷം പേരാണ് പ്രതിവര്‍ഷം ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തിട്ടുള്ളത് എന്നും ഏകദേശം 17 ദശലക്ഷം സന്ദര്‍ശകര്‍ പ്രതിവര്‍ഷം ഇവിടെത്തുന്നു എന്നും ടിക്കറ്റ് ഇനത്തില്‍ ഏകദേശം 621 ദശലക്ഷം ഡോളര്‍ വരുമാനം നേടുന്നതായും പഠനം വെളിപ്പെടുത്തി.പ്രതിവര്‍ഷം 22 ദശലക്ഷം ഗൂഗിള്‍ സേര്‍ച്ചുകളും 7.5 ദശലക്ഷം സന്ദര്‍ശകരുമായി ഇന്ത്യയിലെ താജ്മഹലാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് നയാഗ്ര വെള്ളച്ചാട്ടമാണ്. ഇവിടെ പ്രതിവര്‍ഷം 13 ദശലക്ഷം ആളുകള്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. പ്രതിവര്‍ഷം 1.2 ദശലക്ഷത്തിലധികം പേര്‍ നയാഗ്ര വെള്ളച്ചാട്ടത്തെക്കുറിച്ച്‌ ഗൂഗിളില്‍ തിരയുകയും ചെയ്യുന്നു.

ദുബായ് സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ബുര്‍ജ് ഖലീഫയെന്ന് ടൂറിസം രംഗത്തെ വിദഗ്ധര്‍ പറയുന്നു. “മിക്ക ടൂറിസ്റ്റ് സ്ഥലങ്ങളിലും ആളുകള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. ദുബായില്‍ ബുര്‍ജ് ഖലീഫയാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്”, ഗലദാരി ബ്രദേഴ്‌സ് ഇന്റര്‍നാഷണല്‍ ട്രാവല്‍ സര്‍വീസസിലെ മാനേജര്‍ മിര്‍ വസീം രാജ ഖലീജ് ടൈംസിനോട് പറഞ്ഞു. “ബുര്‍ജ് ഖലീഫയിലെത്തുന്ന ഒരു സന്ദര്‍ശകന് 60 സെക്കൻഡിനുള്ളില്‍ 800 മീറ്റര്‍ ഉയരത്തില്‍ എത്താനാകും. മുകളില്‍ നിന്ന് മനോഹരമായ നഗരം കാണാം”, രാജ കൂട്ടിച്ചേര്‍ത്തു.

“ഉയരം, വാസ്തുവിദ്യാ മികവ്, അതിശയകരമായ കാഴ്ചകള്‍ എന്നിവയെല്ലാം ബുര്‍ജ് ഖലീഫയെ ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു. വേനല്‍ക്കാലത്ത് ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ 7 മണി വരെയും, ശൈത്യകാലത്ത് 3 മണി മുതല്‍ 6 മണി വരെയും ആണ് ഇവിടം സന്ദര്‍ശിക്കാൻ ഏറ്റവും നല്ല സമയം. ഈ സമയത്തെത്തിയാല്‍ സൂര്യാസ്തമയവും നഗരത്തിന്റെ രാത്രി കാഴ്ചകളും കാണാം”, ടൂര്‍സ് ഓണ്‍ ബോര്‍ഡിലെ സെയില്‍സ് മാനേജര്‍ രഞ്ജു എബ്രഹാം പറഞ്ഞു. 80 ദിര്‍ഹം മുതല്‍ 750 ദിര്‍ഹം വരെയാണ് സ്കൈ വ്യൂ ഒബ്സര്‍വേറ്ററി ടിക്കറ്റ് നിരക്ക്

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *