ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായി; ഇന്റര്‍നെറ്റ് കണക്ടിവിറ്റിയേയും ബാധിച്ചേക്കും

March 5, 2024
32
Views

ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ആഗോള ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളില്‍ കാര്യമായ തടസ്സം സൃഷ്ടിച്ചതായി റിപ്പോർട്ടുകള്‍.

ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ആഗോള ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളില്‍ കാര്യമായ തടസ്സം സൃഷ്ടിച്ചതായി റിപ്പോർട്ടുകള്‍.

നാല് പ്രധാന ടെലികോം നെറ്റ് വര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്ന കേബിളുകളാണ് മുറിഞ്ഞുപോയത്. ഇതേ തുടര്‍ന്ന് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് ഉള്‍പ്പടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ട്രാഫികിന്റെ നാലിലൊന്ന് മറ്റ് റൂട്ടുകളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു.

ആഗോള തലത്തില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതില്‍ ആഴക്കടല്‍ കേബിളുകള്‍ക്ക് വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലെ ടെലികോം ട്രാഫികിന്റെ 25 ശതമാനത്തെ പ്രശ്‌നം ബാധിച്ചതായാണ് ഹോങ്കോങ് ടെലികോം കമ്ബനിയായ എച്ചിജിസി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് പറയുന്നത്.

ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, മെറ്റ തുടങ്ങിയ കമ്ബനികളെല്ലാം തന്നെ ഇതില്‍ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ കേബിളുകളിലുണ്ടാകുന്ന തടസം ഇന്റര്‍നെറ്റ് കണക്ടിവിറ്റിയേയും ബാധിച്ചേക്കും. തെക്ക് കിഴക്കന്‍ ഏഷ്യയെ ഈജിപ്ത് വഴി യൂറോപ്പുമായി ബന്ധിപ്പിക്കുന്ന 25000 കിമീ കേബിള്‍ ശൃംഖലയും യൂറോപ്പ്-മധ്യേഷ്യ- ഇന്ത്യ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന യുറോപ്പ് ഇന്ത്യ ഗേറ്റ് വേയും തകരാറിലായിട്ടുണ്ട്. വോഡഫോണ്‍ ആണ് ഇതിലെ പ്രധാന നിക്ഷേപകര്‍.

അതേസമയം കേബിളുകളുടെ അറ്റകുറ്റപ്പണികള്‍ അടുത്തൊന്നും നടക്കാനിടയില്ലെന്നാണ് കേബിളുകളുടെ ഉടമകളിലൊന്നായ ദക്ഷിണാഫ്രിക്കയിലെ സീകോം പറയുന്നത്. കടലില്‍ ഇത്തരം ജോലികള്‍ ചെയ്യുന്നതിന് ആവശ്യമായ അനുമതികള്‍ ലഭിക്കേണ്ടതുണ്ട്. കേബിളുകള്‍ ശരിയാക്കുന്നതിന് യെമന്‍ മാരിറ്റൈം അതോറിറ്റിയില്‍ നിന്ന് അനുമതി ലഭിക്കുന്നതിന് ഏട്ടാഴ്ചയെങ്കിലും എടുക്കുമെന്ന് സീകോം അധികൃതര്‍ പറയുന്നു.

ഹൂതി വിമതര്‍ ആഴക്കടല്‍ കേബിളുകള്‍ ലക്ഷ്യമിടാനിടയുണ്ടെന്ന് യമന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ചെങ്കടലിലെ കേബിളുകള്‍ തകരാറിലായത്. അതുകൊണ്ടുതന്നെ കേബിളുകളില്‍ തകരാറുണ്ടാക്കിയത് ഹൂതികളാണെന്ന ആരോപണം ഉയർന്നു വരുന്നുണ്ട്. എന്നാല്‍ ഹൂതി നേതാവ് അബ്ദെല്‍ മാലെക് അല്‍ ഹൂതി ഈ ആരോപണം നിഷേധിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *