അരി മോഷ്ടിച്ചതിന് ആദിവാസിയായ മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതാണ് 38കാരിയായ രേഖയുടെ ജീവിതം മാറ്റിമറിച്ചത്.
പത്തനംതിട്ട: അരി മോഷ്ടിച്ചതിന് ആദിവാസിയായ മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതാണ് 38കാരിയായ രേഖയുടെ ജീവിതം മാറ്റിമറിച്ചത്.
വിശപ്പിന്റെ വേദന തിന്നുന്നവരെ തേടി രേഖ പോയത് ആദിവാസി ഊരുകളിലേക്കാണ്. അവരുടെ സങ്കടങ്ങള്‍ കേട്ടു. ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു. വേണ്ടതെല്ലാം എത്തിച്ചുതുടങ്ങി. ഇപ്പോള്‍ ഊരിലുള്ളവര്‍ രേഖയെ സ്നേഹത്തോടെ വിളിക്കുന്നത് സ്നേഹപ്പച്ചയെന്നാണ്.
ളാഹ, മഞ്ഞത്തോട്, അട്ടത്തോട്, ആവണിപ്പാറ ആദിവാസി ഊരുകളില്‍ മാസത്തിലൊരിക്കല്‍ രേഖ എത്തും. ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മുതല്‍ നാപ്കിന്‍ പായ്ക്കറ്റുകള്‍ വരെ കൈയിലുണ്ടാകും. സോപ്പ് ഉപയോഗിച്ച് കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനുമെല്ലാം അവര്‍ക്ക് പറഞ്ഞുകൊടുക്കും.
സര്‍ക്കാര്‍ ആദിവാസികള്‍ക്ക് സാധനങ്ങള്‍ എത്തിക്കുന്നുണ്ടെങ്കിലും പലതും എങ്ങനെ ഉപയോഗിക്കണമെന്ന് അവര്‍ക്ക് അറിയില്ലെന്ന് രേഖ പറഞ്ഞു. എല്ലാവരും പറയുന്നത് കേള്‍ക്കാനും അവര്‍ തയ്യാറാകില്ല. ശ്രമിച്ചാല്‍ അവരേയും സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാം.
വാഴമുട്ടം തേലശേരിയത്ത് വീട്ടില്‍ രേഖ എസ്.നായര്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. സ്വന്തം പണംമുടക്കിയും സമൂഹമാദ്ധ്യമങ്ങളിലൂടെ മറ്റുള്ളവരുടെ സഹായം തേടിയുമാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നത്. പണം വാങ്ങില്ല. ആവശ്യമായ സാധനങ്ങളേ വാങ്ങൂ. സ്നേഹപ്പച്ച എന്ന പേരില്‍ ട്രസ്റ്റ് ആരംഭിച്ചിട്ടുണ്ട്.
ദുരിതങ്ങള്‍ കണ്ട് സ്നേഹ വഴിയിലേക്ക്
വൃക്ക രോഗവുമായി ജനിച്ച മകള്‍ ദേവനന്ദയുടെ ചികിത്സയ്ക്കായുള്ള ആശുപത്രിവാസക്കാലത്തും താഴേക്കിടയിലുള്ളവരുടെ ദുരിതങ്ങള്‍ രേഖ മനസിലാക്കി. എട്ടുവര്‍ഷം മുമ്ബ് വൃക്കരോഗികള്‍ക്ക് സൗജന്യമായി മരുന്നും സാധനങ്ങളും എത്തിച്ച് സേവന പ്രവര്‍ത്തനത്തിലേക്ക് കടന്നു. മകള്‍ രോഗമുക്തി നേടിയപ്പോള്‍ സേവനമേഖലയില്‍ സജീവമായി.
ഹോപ്പ് ഇന്റര്‍നാഷണല്‍ വേള്‍ഡ് റെക്കര്‍ഡ്, മദര്‍തേരേസ സ്മാരക കാരുണ്യ ജ്യോതി പുരസ്കാരം, അംബേദ്കര്‍ പുരസ്കാരം എന്നിവ രേഖയ്‌ക്ക് ലഭിച്ചിട്ടുണ്ട്.
ഭര്‍ത്താവ് സന്തോഷ് കുമാര്‍ ഇറിഗേഷന്‍ വകുപ്പിലെ താത്കാലിക ജീവനക്കാരനാണ്. മക്കള്‍: ഗൗരിനന്ദ, ദേവനന്ദ.
” കാട്ടില്‍ സാധനങ്ങളെത്തിക്കാന്‍ സൗജന്യമായി വാഹനം നല്‍കുന്നത് കാട്ടിലമ്മ സുനില്‍ എന്നു പറയുന്നയാളാണ്. ഊരിലുള്ളവര്‍ പറഞ്ഞതെല്ലാം നല്‍കിയിട്ടുണ്ട്. മധുവിന്റേത് പോലൊരു മരണം ഇനി ഇവിടെ സംഭവിക്കരുത്. “