തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി അടക്കമുള്ള ഇടത് നേതാക്കള്‍ നല്കിയ വിടുതല്‍ ഹര്‍ജികള്‍ തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്.
പൊതുമുതല്‍ നശീകരണ നിയമം നിലനില്‍ക്കുന്നതിനാല്‍ വിചാരണ നടത്തി മാത്രമേ കേസ് അവസാനിപ്പിക്കാന്‍ കഴിയുകയുള്ളു എന്ന നിരീക്ഷണത്തോടെയാണ് വിടുതല്‍ ഹര്‍ജി തള്ളിയത്.
പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്, കെ.ടി. ജലീല്‍, കെ. അജിത്, സി.കെ. സദാശിവന്, കെ. കുഞ്ഞഹമ്മദ് എന്നിവര്‍ നവംബര്‍ 22ന് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. കുറ്റപത്രവും സിജെഎം കോടതി വായിച്ചുകേള്‍പ്പിക്കും.
വാച്ച് ആന്‍ഡ് വാര്‍ഡ് വേഷത്തില്‍ എത്തിയ പോലീസുകാരന് ആക്രമണം നടത്തിയതെന്നും പ്രതികള്‍ ഇത് പ്രതിരോധിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും മാത്രവുമല്ല സഭയില്‍ പ്രതിഷേധ പ്രകടനം മാത്രമാണ് നടത്തിയത് എന്നുമാണ് പ്രതികള്‍ വിടുതല്‍ ഹര്‍ജിയില്‍ നടത്തിയിരുന്ന പ്രധാന വാദം. എന്നാല്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങള്‍ നശിപ്പിക്കുവാന്‍ ഒരു എംഎല്‍എക്കും അധികാരമില്ലെന്നാണ് സര്‍ക്കാര്‍ വാദം.
കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു.
2015ല്‍ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്താന്‍ നടന്ന പ്രതിഷേധമാണ് നിയമസഭയ്ക്കുള്ളില്‍ കൈയാങ്കളിയായി മാറിയ കേസ്.