പുനരുപയോഗിക്കാവുന്ന റോക്കറ്റ് പരീക്ഷണത്തിനൊരുങ്ങി ഇസ്രോ.
ബെംഗളൂരു: പുനരുപയോഗിക്കാവുന്ന റോക്കറ്റ് പരീക്ഷണത്തിനൊരുങ്ങി ഇസ്രോ. “പുഷ്പക്” എന്ന് പേരിട്ടിരിക്കുന്ന റീ-യൂസബിള്‍ ലോഞ്ച് വെഹിക്കിളിന്റെ (ആർഎല്‍വി) വിക്ഷേപണം ഇന്ന് രാവിലെ ഏഴ് മണിക്ക് നടക്കും.
കർണാടകയിലെ ചിത്രദുർഗയിലെ ഡിആർഡിഒയുടെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ നിന്നാകും പരീക്ഷണം നടത്തുക.
വിമാനത്തിന് സമാനമായ രീതിയിലാണ് പുഷ്പക് റോക്കറ്റിന്റെ ഘടന. 6.5 മീറ്റർ നീളവും 1.75 ടണ്‍ ഭാരമുണ്ട് ഇതിന്. പുനരുപയോഗിക്കാവുന്ന റോക്കറ്റുകളുടെ പട്ടികയിലെ മൂന്നാം പരീക്ഷണമാണിത്. സങ്കീർണമായ സാഹചര്യങ്ങളില്‍ റോക്കറ്റിന്റെ റോബോട്ടിക് ലാൻഡിംഗ് കഴിവ് പരിശോധിക്കുന്നതിന്റെ ഭാഗമാണ് ഇന്നത്തെ വിക്ഷേപണത്തിന്റെ ലക്ഷ്യം.
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമായ ആർഎല്‍വിയുടെ രണ്ടാം പരീക്ഷണമാണ് ഇന്ന് നടക്കുക. വ്യോമസേനയുടെ
ചിനൂക്ക് ഹെലികോപ്റ്റർ ഉപയോഗിച്ച് 4.5 കിലോമീറ്റർ ഉയരത്തില്‍ പേടകത്തെ എത്തിച്ച ശേഷം താഴെയ്‌ക്കിടുന്നതാണ് പരീക്ഷണ രീതി. പരീക്ഷണ വാഹനം സ്വമേധയാ വേഗവും ദിശയും നിയന്ത്രിച്ച് വിമാനത്തെ പോലെ റണ്‍വേയില്‍ ഇറങ്ങും. ദിശ മാറ്റ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായാണ് പരീക്ഷണം.
താങ്ങാവുന്ന വിധത്തില്‍, ചുരുങ്ങിയ ചെലവില്‍ ബഹിരാകാശത്തേക്ക് വിക്ഷേപണം നടത്താൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് ഐഎസ്‌ആർഒ മേധാവി എസ്. സോമനാഥ് പറഞ്ഞു. ഭാവിയുടെ പ്രതീക്ഷയാണ് പുഷ്പക്. റോക്കറ്റിന്റെ ഏറ്റവും വിലയേറിയ ഭാഗമായ മുകള്‍ ഭാഗം അതായത്, ഇലക്‌ട്രിക് ഉപകരണങ്ങളും മറ്റ് നിർണായ ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന ഭാഗം ഭൂമിയിലെത്തിച്ച് പുനരുപയോഗിക്കുകയാണ് ലക്ഷ്യം. ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളില്‍ ഇന്ധനം നിറയ്‌ക്കാൻ പോലും ഇതുവഴി സാധിക്കും. ബഹിരാകാശ മാലിന്യം കുറയ്‌ക്കുന്നതിലും ഇത് നിർണായക പങ്ക് വഹിക്കും.
2016-ലാണ് ആദ്യമായി പുനരുപയോഗിക്കാവുന്ന റോക്കറ്റ് എന്ന ആശയം ഉദിച്ചതും ആദ്യമായി RLV വിക്ഷേപിച്ചത്. എന്നാല്‍ ഒരിക്കലും വീണ്ടെടുക്കാന കഴിയാത്ത വിധത്തിവല്‍ അത് കടലില്‍ മുങ്ങി. കഴിഞ്ഞ വർഷം ഏപ്രിലില്‍ RLV-LEX എന്ന് വിളിക്കുന്ന റോക്കറ്റിന്റെ പരീക്ഷണം വിജയകരമായിരുന്നു. വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററിന്റെ സഹായത്തോടെയായിരുന്നു റോക്കറ്റിനെ വായുവിലേക്ക് ഉയർത്തിയത്. സമാന രീതിയിലാകും പുഷ്പകിന്റെ വിക്ഷേപണവും.