ന്യൂ ഡെൽഹി: റിസർവ് ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായി അജയ് കുമാറിനെ നിയമിതനായി. നേരത്തെ ആർബിഐയുടെ ഡെൽഹി റീജിയണൽ ഓഫീസ് മേധാവിയായിരുന്നു കുമാർ.
30 വർഷത്തെ സേവനത്തിനിടയിൽ, വിദേശവിനിമയം, ബാങ്കിങ്, കറൻസി മാനേജുമെന്റ് തുടങ്ങിയമേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശ കറൻസി വിനിമയം, കറൻസി മാനേജുമെന്റ് തുടങ്ങിയ മേഖലകളിലെ ചുമതലയാകും എക്സിക്യൂട്ടീവ് ഡയറക്ടറെന്ന നിലയിൽ അദ്ദേഹത്തിന് ലഭിക്കുക.
പട്ന സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഐസിഎഫ്എഐയിൽനിന്ന് ബാങ്കിങിൽ എംഎസും നേടിയിട്ടുണ്ട്.
ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജുമെന്റ് റിസർച്ചിൽനിന്ന് സർട്ടിഫൈഡ് ബാങ്ക് മാനേജർ കോഴ്സ്, ചിക്കാഗോയിലെ കെല്ലോഗ് സ്കൂൾ ഓഫ് മാനേജുമെന്റിൽനിന്ന് എക്സിക്യൂട്ടീവ് മാനേജുമെന്റ് പ്രോഗ്രാം എന്നിവ ഉൾപ്പടെയുള്ള പ്രൊഫഷണൽ യോഗ്യതകളും അദ്ദേഹം നേടിയിട്ടുണ്ട്.