മാലദ്വീപ് പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിയ്ക്ക് റെക്കോര്‍ഡ് വിജയം

April 22, 2024
44
Views

മാലെ: മാലദ്വീപ് പാർലമെന്റ് തെരഞ്ഞടുപ്പില്‍ പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിന്റെ പാർട്ടിയ്ക്ക് വൻ വിജയം. ആകെയുള്ള 93 സീറ്റില്‍ 66 സീറ്റിലും മുയിസിന്റെ പാർട്ടിയായ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് വിജയിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുകയാണ് പി.എൻ.സി.

വിജയം പ്രഖ്യാപിച്ച 86ല്‍ 66 സീറ്റില്‍ തകർപ്പൻ വിജയമാണ് പാര്‍ട്ടി നേടിയിരിക്കുന്നത്. മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാർട്ടികള്‍ക്ക് വലിയ തിരിച്ചടിയാണു തെരഞ്ഞെടുപ്പില്‍ നേരിട്ടത്. 15 സീറ്റില്‍ താഴെ നേടാനേ ഈ പാർട്ടികള്‍ക്കായുള്ളൂ. ബാക്കിയുള്ള ഇടങ്ങളില്‍ സ്വതന്ത്രരും മറ്റു പാർട്ടികളുമാണ് ലീഡ് ചെയ്യുന്നത്. ആകെ 2,84,663 വോട്ടർമാരില്‍ 2,07,693 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

ചൈനാ അനുകൂല രാഷ്ട്രീയക്കാരനായാണ് പൊതുവെ മുയിസു അറിയപ്പെടുന്നത്. ഇന്ത്യയുമായുള്ള നയതന്ത്രപ്രശ്നം തെരഞ്ഞടുപ്പില്‍ പ്രതിപക്ഷം വലിയ ആയുധമാക്കിയിരുന്നു. മുയിസു മന്ത്രിസഭയിലെ അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചതും തുടർന്ന് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതും വലിയ വിവാദമായിരുന്നു. മാലദ്വീപിലെ ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാൻ മുയിസു ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇന്ത്യയുമായുള്ള ബന്ധം വഷളായതിനു പിന്നാലെ ചൈനയുമായി വിവിധ കരാറുകളില്‍ ഏർപ്പെട്ട് നയതന്ത്രബന്ധം ശക്തമാക്കുകയും ചെയ്തു അദ്ദേഹം. മാലദ്വീപ്-ഇന്ത്യ പ്രശ്നനത്തില്‍ ഇന്ത്യയെ പിന്തുണച്ച മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാർട്ടികള്‍ക്കേറ്റ തിരിച്ചടി മുയിസുവിന്‍റെ ചൈനാ സഹകരണം ശക്തമാക്കാന്‍ ഇടയാക്കുമെന്നുറപ്പാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *