യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയെ മർദ്ദിച്ച സംഭവത്തിൽ മന്ത്രിയുടെ പ്രതികൾക്കെതിരായ വധശ്രമ വകുപ്പ് ഒഴിവാക്കി. മന്ത്രി എംവി ഗോവിന്ദൻ്റെ പേഴ്സണൽ സ്റ്റാഫ് അടക്കം 6 പേർക്കെതിരെ ചുമത്തിയ വകുപ്പ് ഒഴിവാക്കിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പ്രശോഭ് മൊറാഴ, ഡിവൈഎഫ്ഐ നേതാവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ റോബർട്ട് ജോർജ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജർ, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പിപി ഷാജർ, സിപിഐഎം നേതാവ് സന്തോഷ്, പി ജയരാജൻ്റെ ഗണ്മാൻ എന്നിവർക്കെതിരെ ചുമത്തിയിരുന്ന വധശ്രമ വകുപ്പ് ആണ് ഒഴിവാക്കിയത്.
യോഗത്തിലേക്ക് പ്രതിഷേധവുമായി കടന്നുചെന്ന യൂത്ത് കോൺഗ്രസ് നേതാവിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിച്ചെന്നായിരുന്നു പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിശദീകരണ യോഗത്തിൽ പങ്കെടുക്കാനെത്തിയവർ വളഞ്ഞിട്ട് മർദിക്കുകയായിരുന്നെന്ന് റിജിൽ മാക്കുറ്റി ആരോപിച്ചിരുന്നു.