പത്തനംതിട്ട – എംവിഡി ഉദ്യോഗസ്ഥരുമായി പോരാടിയിരുന്ന റോബിൻ ബസ് വീണ്ടും കെഎസ്ആർടിസിയുടെ ഏറ്റുമുട്ടലിനുള്ള ഒരുക്കത്തിൽ. പത്തനംതിട്ട – കോയമ്പത്തൂർ കെഎസ്ആർടിസി ബസിന്റെ മുന്നിലോടുമെന്ന് റോബിൻ ബസ് ഉടമകൾ യൂട്യൂബറുടെ ബ്ലോഗിലൂടെ പറഞ്ഞു.
പുലർച്ചെ 4.30നാണ് കെഎസ്ആർടിസി കോയമ്പത്തൂർ സർവ്വീസ് നിലവിൽ പുറപ്പെടുന്നത്. ഇതിനും അരമണിക്കൂർ മുമ്പേ ഫെബ്രുവരി 1 മുതൽ വെളുപ്പിന് നാലിന് ഒാടാനാണ് റോബിൻ ബസിന്റെ ശ്രമം. ഇതോടൊപ്പം സർവ്വീസ് അടൂരിൽ നിന്ന് പുലർച്ചെ 3.30ന് പുറപ്പെട്ടു പത്തനംതിട്ടയിലെത്തി റാന്നി, എരുമേലി, തൃശൂർ, പാലക്കാട് വഴി രാവിലെ 10.30ന് കോയമ്പത്തൂരിലെത്തും. അവിടെനിന്ന് വൈകിട്ട് 6ന് പുറപ്പെട്ട് പുലർച്ചെ ഒന്നിന് തിരികെ അടൂരിലെത്തും.
രാവിലെ നേരത്തെ കോയമ്പത്തൂരിൽ എത്തണമെന്നാണു യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നീക്കമെന്നാണ് സൂചന. വൈകിട്ട് നേരത്തെ പുറപ്പെടുന്നതും യാത്രക്കാർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കോയമ്പത്തൂരിലെ ആവശ്യങ്ങൾ തീർത്ത് 6 മണിയോടെ തിരികെ പുറപ്പെടണമെന്ന നിർദ്ദേശം സ്വീകരിച്ചാണ് സമയമാറ്റം. പത്തനംതിട്ടയിൽ രാത്രി സർവീസ് അവസാനിപ്പിക്കുമ്പോൾ തുടർയാത്രാ സൗകര്യമില്ലാതെ യാത്രക്കാർ ബുദ്ധിമുട്ടുന്നതു കൊണ്ടാണ് എംസി റോഡുമായി ബന്ധിപ്പിക്കാൻ അടൂരിലേക്ക് നീട്ടുന്നതെന്നും ഗിരീഷ് പറഞ്ഞു