ആർസിസിയില്‍ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി നടന്നു.
തിരുവനന്തപുരം: ആർസിസിയില്‍ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി നടന്നു. കേരളത്തില്‍ സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറിയാണ്.
വൃക്കയില്‍ കാൻസർ ബാധിച്ച രണ്ടു മധ്യവയസ്കരായ രോഗികള്‍ക്കാണു ശസ്ത്രക്രിയ നടത്തിയത്. ഒരാളുടെ വൃക്ക പൂർണമായും മറ്റൊരാളുടെ വൃക്കയില്‍ കാൻസർ ബാധിച്ച ഭാഗം മാത്രവും റോബോട്ടിക് സർജറി ഉപയോഗിച്ചു നീക്കം ചെയ്തു. രണ്ടു രോഗികളും സുഖം പ്രാപിച്ചു വരുന്നു.
ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം ആര്‍.സി.സിയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമായതിലൂടെ കാന്‍സര്‍ ചികിത്സാ രംഗത്ത് സുപ്രധാനമായ ചുവടുവെയ്പ്പാണ് ആരോഗ്യ മേഖല കൈവരിക്കുന്നത്.
വിവിധ തരത്തിലുള്ള കാന്‍സറുകളുടെ ചികിത്സയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ ഫലപ്രദമാണ്. രോഗിയുടെ വേദന കുറയ്ക്കുക, എത്രയും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരിക, ശസ്ത്രക്രിയയ്ക്കിടയിലുള്ള രക്തസ്രാവം കുറയ്ക്കാന്‍ സാധിക്കുക എന്നിവയൊക്കെയാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രധാന ഗുണങ്ങള്‍. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്.
സ്വകാര്യ ആശുപത്രികളില്‍ വലിയ ചെലവുവേണ്ടിവരുന്ന റോബോട്ടിക് സർജറി അതിന്റെ മൂന്നിലൊന്നു ചെലവിലാണ് ആർസിസിയില്‍ നടത്തിയത്. സാധാരണക്കാരായ രോഗികളെ സംബന്ധിച്ചിടത്തോളം ഇതു വലിയ ആശ്വാസമാണ്. അതിസങ്കീർണമായ ശസ്ത്രക്രിയകള്‍ കൂടുതല്‍ മികവോടെയും കൃത്യതയോടെയും നിർവഹിക്കാൻ സർജൻമാരെ പ്രാപ്തരാക്കുന്നതാണു റോബോട്ടിക് സർജറി യൂണിറ്റ്.
കഴിഞ്ഞ മാസം 15നാണ് മുഖ്യമന്ത്രി റോബോട്ടിക് ശസ്ത്രക്രിയാ യൂണിറ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. സംസ്ഥാന സർക്കാരിന്റെ റീബില്‍ഡ് കേരള പദ്ധതിയില്‍നിന്നുള്ള ധനസഹായത്തോടെയാണ് ഈ യൂണിറ്റ് സജ്ജീകരിച്ചിട്ടുള്ളത്. ഏറ്റവും പുതിയ സാങ്കേതിക യൂണിറ്റാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ആർസിസി ഡയറക്ടർ ഡോ.രേഖ എ. നായരുടെ നിർദേശമനുസരിച്ച് സർജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ.ഷാജി തോമസിന്റെ നേതൃത്വത്തില്‍ ഡോ.ശിവരഞ്ജിത്, ഡോ.ശ്രീവത്സൻ, ഡോ.അഖില്‍ തോമസ് എന്നീ സർജൻമാർ, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. മേരി തോമസ്, ഡോ.വിജി പിള്ള, സ്റ്റാഫ് നഴ്സുമാരായ ഇന്ദു, രശ്മി, രമ്യ, അഞ്ജലി, ബൈജുദീൻ, ഓപ്പറേഷൻ തിയേറ്റർ സാങ്കേതിക ടീമിലെ അംഗങ്ങളായ എബിൻ, സന്തോഷ്, കിരണ്‍, ബയോമെഡിക്കല്‍ എഞ്ചിനീയറിങ് വിഭാഗം, സിഎസ്‌എസ്ഡി ജീവനക്കാർ എന്നിവർ ഉള്‍പ്പെട്ട ടീമാണ് ഈ ദൗത്യം നിർവഹിച്ചത്.