റഷ്യയുടെ യുക്രൈന്‍ അധിനിവേശം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന് അമേരിക്ക: ചര്‍ച്ചകളിലൂടെയുളള നയതന്ത്ര പരിഹാരമാണ് വേണ്ടതെന്ന് ഇന്ത്യ

February 18, 2022
177
Views

ന്യൂയോര്‍ക്ക്: റഷ്യയുടെ യുക്രൈന്‍ അധിനിവേശം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. യുക്രൈനിലെ ഷെല്ലാക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന സൂചന നല്‍കി അമേരിക്കയും നാറ്റോയും ബ്രിട്ടനും രംഗത്തെത്തി. അതേസമയം പ്രശ്നത്തില്‍ വേണ്ടത് ചര്‍ച്ചകളിലൂടെയുളള നയതന്ത്ര പരിഹാരമാണെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ അറിയിച്ചു. രക്ഷാസമിതിയില്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി എസ് തിരുമൂര്‍ത്തിയാണ് നിലപാട് വ്യക്തമാക്കിയത്.

യുക്രൈൻ അതിർത്തിയിൽനിന്നും ക്രിമിയ പ്രവിശ്യയിൽനിന്നും സൈനികരെ പിൻവലിച്ചുവെന്ന റഷ്യയുടെ വാദം നുണയാണെന്ന് ഉപഗ്രഹ ചിത്രങ്ങൾ തെളിയിക്കുന്നുവെന്ന് അമേരിക്ക ഇന്നലെ വ്യക്തമാക്കിയിരുന്നു. ഏഴായിരത്തോളം സൈനികരെ റഷ്യ അധികമായി വിന്യസിക്കുകയാണ് ചെയ്തതെന്നായിരുന്നു അമേരിക്കയുടെ ആരോപണം.

റഷ്യൻ സൈന്യം പിന്മാറിയെന്നതിന്റെ ഒരു തെളിവും കിട്ടിയിട്ടില്ലെന്ന് നാറ്റോ ജനറൽ സെക്രട്ടറി ജീൻസ് സ്റ്റോളാൻബർഗ് പറഞ്ഞു. യഥാർത്ഥ സൈനിക പിന്മാറ്റത്തിന് റഷ്യ തയ്യാറായാല്‍ അല്ലാതെ പ്രശ്ന പരിഹാരം ഉണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജർമ്മൻ ചാൻസിലർ ഒലാഫ് ഷോൾസിനെ അറിയിച്ചു. ഇരു പക്ഷത്തിനുമിടയിൽ ദിവസങ്ങളായി സമാധാന ചർച്ചകൾ നടത്തുന്ന ഒലാഫ് ഷോൾസിന് ഇതുവരെ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

പ്രകോപനം സൃഷ്ടിച്ചാല്‍ അല്ലാതെ യുക്രൈനെ ആക്രമിക്കില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ പറഞ്ഞു. യുക്രൈനിൽ ഉള്ളവർ അടക്കമുള്ള റഷ്യൻ അനുകൂലികൾക്ക് നേരെ ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കുമെന്നും പുടിൻ പറഞ്ഞു. ഇതിനു പിന്നാലെ റഷ്യൻ പിന്തുണയുള്ള വിമതർക്ക് നേരെ യുക്രൈൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. യുക്രൈന്‍റെ ഉള്ളിൽ തന്നെയുള്ള വിമതരുടെ താവളങ്ങളാണ് ആക്രമിച്ചത്. ഉപരോധത്തെ ഭയക്കുന്നില്ലെന്നും അമേരിക്കൻ ഉപരോധത്തിൽ ഉലയാത്തവിധം ശക്തമാണ് റഷ്യൻ സമ്പദ് വ്യവസ്ഥയെന്നും റഷ്യൻ ധനമന്ത്രി ആന്‍റണ്‍ സിലിനോവ്‌ പറഞ്ഞു.

Article Categories:
Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *