സന്നിധാനത്തെ ഭക്‌തജനത്തിരക്ക്‌: പോലീസ്‌ ക്രിയാത്മകമായി ഇടപെട്ടില്ലെന്ന്‌ ആക്ഷേപം

December 14, 2023
14
Views

സന്നിധാനത്തു തിരക്ക്‌ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നത്‌ പോലീസ്‌ ക്രിയാത്മകമായി ഇടപെടാതിരുന്നതു കൊണ്ടാണെന്ന്‌ ആരോപണം.

ശബരിമല: സന്നിധാനത്തു തിരക്ക്‌ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നത്‌ പോലീസ്‌ ക്രിയാത്മകമായി ഇടപെടാതിരുന്നതു കൊണ്ടാണെന്ന്‌ ആരോപണം.

വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്‌മയും സ്‌ഥിതിഗതികള്‍ ഗുരുതരമാക്കി. ദേവസ്വം ബോര്‍ഡും പോലീസും തമ്മിലുള്ള അധികാര വടംവലിയാണ്‌ പ്രശ്‌നം രൂക്ഷമാകാന്‍ കാരണം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒമ്ബതിന്‌ 98,627 പേര്‍ ദര്‍ശനത്തിന്‌ എത്തിയപ്പോള്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ 77,970 പേരാണ്‌ വന്നത്‌. 20,657പേരുടെ കുറവാണ്‌ ഇതേദിവസം സന്നിധാനത്ത്‌ ഉണ്ടായത്‌. എന്നിട്ടും ഭക്‌തര്‍ മണിക്കൂറുകള്‍ ക്യൂ നിന്നാണ്‌ ദര്‍ശനം നടത്തിയത്‌.
കഴിഞ്ഞ ഡിസംബര്‍ എട്ടിന്‌ 89,618 പേര്‍ ദര്‍ശനത്തിന്‌ എത്തിയപ്പോള്‍ ഇക്കുറി വന്നത്‌ 92,677 പേരും 10ന്‌ 90,717 പേര്‍ ഉണ്ടായിരുന്ന സ്‌ഥാനത്ത്‌ ഇക്കുറി 90,373 പേരുമാണ്‌ മലചവിട്ടിയത്‌. 11 ന്‌ 96,654 ഉം 12ന്‌ 90,899 പേരുമാണ്‌ മലചവിട്ടിയത്‌. കഴിഞ്ഞ വര്‍ഷം 12ന്‌ 97,488, 13ന്‌ 97,856, 19ന്‌ 98,480, 20ന്‌ 84,937, 24ന്‌ 92,556 പേരും ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. ഏറ്റവും തിരക്കുള്ള മകരവിളക്കിന്റെ തലേദിവസമായ ജനുവരി 13ന്‌ 1,01, 027 പേര്‍ എത്തിയിരുന്നു.
ഈ കണക്കുകള്‍ താരതമ്യം ചെയ്യുമ്ബോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറവാണ്‌. എന്നിട്ടും മണിക്കൂറുകള്‍ ഭക്‌തര്‍ ദര്‍ശനത്തിനായി കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന്‌ പോലീസിനും ദേവസ്വം ബോര്‍ഡിനും ഉത്തരമില്ല. വെര്‍ച്വല്‍ ക്യൂ കൈമാറ്റവുമായി ബന്ധപ്പെട്ട്‌ പോലീസും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കമാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക്‌ നയിച്ചത്‌. പൂജകള്‍ക്കായി നട അടയ്‌ക്കുമ്ബോഴാണ്‌ തിരക്ക്‌ കൂടാറുള്ളതെന്നാണ്‌ പോലീസ്‌ പറയുന്നത്‌. എന്നാല്‍ ഇത്‌ അടിസ്‌ഥാനമില്ലാത്ത വാദമാണെന്ന്‌ ദേവസ്വം ബോര്‍ഡ്‌ പറയുന്നു. തീര്‍ത്ഥാടന കാലത്ത്‌ ഒരു ദിവസം എല്ലാം കൂടി 36 മിനിറ്റ്‌ മാത്രമാണ്‌ പൂജകള്‍ക്കായി ശ്രീകോവില്‍ നട അടയ്‌ക്കാറുള്ളത്‌. ഉഷ നിവേദ്യത്തിനായി നാല്‌ മിനിറ്റും ഉഷ പൂജയ്‌ക്ക്‌ അഞ്ച്‌ മിനിറ്റും ഉച്ച നിവേദ്യത്തിനായി നാല്‌ മിനിറ്റും ഉച്ച പൂജയ്‌ക്കായി 10 മിനിറ്റും ദീപാരാധനയ്‌ക്കായി മൂന്ന്‌ മിനിറ്റും അത്താഴ നിവേദ്യത്തിനായി മൂന്ന്‌ മുതല്‍ അഞ്ച്‌ മിനിറ്റും അത്താഴ പൂജയ്‌ക്കായി അഞ്ച്‌ മിനിറ്റും മാത്രമാണ്‌ നട അടച്ചിടാറുള്ളത്‌. ഒരു മിനിറ്റില്‍ 80 മുതല്‍ 90 വരെ ആളുകളെ പടി കയറ്റിയിരുന്ന സ്‌ഥാനത്ത്‌ 30-45 വരെ മാത്രമാണ്‌ ഇപ്പോള്‍ പടികയറ്റുന്നതെന്നും ദേവസ്വം ബോര്‍ഡ്‌ അധികൃതര്‍ പറയുന്നു. ഈ സമയം ആദ്യത്തെ പോലീസ്‌ ബാച്ച്‌ 80-85 വരെ ഭക്‌തരെ പടി കയറ്റി വിട്ടിരുന്നതായും ദേവസ്വം ഉദ്യോഗസ്‌ഥരില്‍ ചിലര്‍ വ്യക്‌തമാക്കി.

ചൊവ്വാഴ്‌ച കെ.എസ്‌.ആര്‍.ടി.സിക്ക്‌ റെക്കോഡ്‌ വരുമാനം

ശബരിമല: എറെ തിരക്കനുഭവപ്പെട്ട ചൊവ്വാഴ്‌ച കെ.എസ്‌.ആര്‍.ടി.സിക്ക്‌ റെക്കോഡ്‌ വരുമാനം. പമ്ബ-നിലയ്‌ക്കല്‍ ചെയിന്‍ സര്‍വീസില്‍ നിന്ന്‌ മാത്രം 69.9 ലക്ഷം രൂപ വരുമാനം ലഭിച്ചു. 2050 ട്രിപ്പുകളാണ്‌ അന്ന്‌ മാത്രം നടത്തിയത്‌. 563 ദീര്‍ഘദൂര സര്‍വീസും പമ്ബയില്‍ നിന്ന്‌ നടത്തി. ചെങ്ങന്നൂരിലേക്ക്‌ 83, കോട്ടയം 50, തിരുവനന്തപുരം 40 വീതം സര്‍വീസുകളാണ്‌ പമ്ബയില്‍ നിന്ന്‌ നടത്തിയത്‌. തിരക്ക്‌ കാരണം റോഡരികില്‍ വാഹനങ്ങള്‍ തടഞ്ഞിടുന്നത്‌ കെ.എസ്‌.ആര്‍.ടി.സി. സര്‍വീസുകളെ ബാധിക്കുന്നുണ്ട്‌.
യഥാസമയം നിലയ്‌ക്കലില്‍ നിന്നും ചെയിന്‍ സര്‍വീസ്‌ ബസുകള്‍ പമ്ബ ത്രിവേണിയില്‍ എത്തിയില്ലെങ്കില്‍ നിലയ്‌ക്കലിലേക്ക്‌ പോകുന്നതിനായി ത്രിവേണി ബസ്‌വേയില്‍ കാത്ത്‌ നില്‍ക്കുന്ന ഭക്‌തര്‍ ക്ഷുഭിതരാകാന്‍ സാധ്യതയുണ്ട്‌. ദീര്‍ഘദൂര സര്‍വീസുകളും പത്തനംതിട്ട മുതല്‍ പല ഭാഗങ്ങളിലായി പിടിച്ചിടുന്നുണ്ട്‌. നിലയ്‌ക്കലില്‍ ചെയിന്‍ സര്‍വീസ്‌ ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ക്കായി എസ്‌.ഒ ഉള്‍പ്പടെ 12 ജീവനക്കാരെയാണ്‌ കെ.എസ്‌.ആര്‍.ടി.സി ഈ ഓപ്പറേറ്റിങ്‌ സെന്ററില്‍ നിയോഗിച്ചിരിക്കുന്നത്‌.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *