മണ്ഡലകാലത്തിനു സമാപനം കുറിച്ച് 27 ന് മണ്ഡലപൂജ നടക്കും.
ശബരിമല: മണ്ഡലകാലത്തിനു സമാപനം കുറിച്ച് 27 ന് മണ്ഡലപൂജ നടക്കും. രാവിലെ 10.30 നും 11.30 നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ തന്ത്രി കണ്‌ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്.
ഈ സമയം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താന്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് നടയ്‌ക്കു വച്ച തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 23ന് രാവിലെ ഏഴിന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. 26 ന് ഉച്ചയ്‌ക്ക് ഒന്നിന് ഘോഷ യാത്ര പമ്ബയില്‍ എത്തിച്ചേരും.
ദേവസ്വം സ്‌പെഷല്‍ ഓഫീസര്‍ മനോജ് കുമാര്‍,അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് പമ്ബ ഗണപതി ക്ഷേത്രത്തിലേക്കാനയിക്കും. വൈകിട്ട് മൂന്ന് വരെ ഗണപതി ക്ഷേത്രത്തില്‍ ഭക്‌തര്‍ക്ക് തങ്കയങ്കി ദര്‍ശിക്കാനുള്ള സൗകര്യം ഉണ്ടാകും. മുന്നിന് പമ്ബയില്‍ നിന്ന് പുറപ്പെട്ട് അഞ്ചി ന് ശരംകുത്തിയിലെത്തുന്ന തങ്കയങ്കി ഘോഷയാത്രയെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി. കൃഷ്‌ണകുമാര്‍,അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കുമാര്‍, അഡ്‌മിനിസ്‌ട്രേറ്റീവ് ഓ ഫീസര്‍ ഓ.ജി. ബിജു, സോപാനം സ്‌പെഷല്‍ ഓഫീസര്‍ അരവിന്ദ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സന്നിധാനത്തേക്കാനയിക്കും. 6.15ന് പതിനെട്ടാം പടിക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അംഗങ്ങളായ എ. അജികുമാര്‍, ജി.സുന്ദരേശന്‍, സ്‌പെഷല്‍ കമ്മീഷണര്‍ മനോജ്, ദേവസ്വം കമ്മിഷണര്‍ സി.എന്‍.രാമന്‍, ചീഫ് എന്‍ജിനീയര്‍ അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി സോപാനത്തേക്കാനയിക്കും. സോപാനത്ത് വച്ച് തന്ത്രി കണ്‌ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി പി.എന്‍. മഹേഷ് എന്നിവര്‍ ചേര്‍ന്ന് ഏറ്റു വാങ്ങി ഭഗവാന് ചാര്‍ത്തി ദീപാരാധന നടത്തും. 27 ന് രാത്രി 10 ന് ഹരിവരാസനം പാടി നടയടയ്‌ക്കുന്നതോടെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനമാകും. തുടര്‍ന്ന് മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകിട്ട് അഞ്ചിന് നട വീണ്ടും തുറക്കും.