പന്തളം: അടുത്ത വർഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കുന്നതിനായി പന്തളം കൊട്ടാരത്തിൽ നിന്നു ഗോവിന്ദ് വർമ്മയും നിരഞ്ജൻ ആർ. വർമ്മയും ശബരിമലയ്ക്കു യാത്ര തിരിച്ചു.
വലിയ തമ്പുരാൻ രേവതിനാൾ പി. രാമവർമ്മ രാജയുടെയും വലിയ തമ്പുരാട്ടി മകംനാൾ തന്വംഗിത്തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങിയാണു കുട്ടികൾ രാവിലെ തിരുവാഭരണ മാളികയിലെത്തിയത്. പത്തു മണിയാേടെ കൈപ്പുഴ ശിവക്ഷേത്രം മേൽശാന്തി കേശവൻ പോറ്റിയും കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി.എൻ. നാരായണവർമ്മയും ചേർന്നു കെട്ടു നിറച്ചു. കൊട്ടാരം പ്രസിഡൻ്റ് പി.ജി. ശശികുമാർ വർമ്മ, ട്രഷറർ എൻ. ദീപാ വർമ്മ, മുൻ രാജപ്രതിനിഥികളായ കെ. കേരളവർമ്മ, പി. രാഘവവർമ്മ, കൊട്ടാരം പ്രതിനിധികളായ റിട്ട. കേണൽ ഹരിദാസ് എന്നിവർ കുട്ടികളെ അനുഗ്രഹിച്ചു യാത്ര അയച്ചു.
ഉച്ചയ്ക്ക് 12 മണിയോടെ കെട്ടും താങ്ങി ശരണമന്ത്രഘോഷത്തിൻ്റെ അകമ്പടിയോടെ തിരുവാഭരണ മാളികയിൽ നിന്നു കുട്ടികൾ പുറപ്പെട്ടു വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തി.
ക്ഷേത്രത്തിലെത്തിയ കുട്ടികളെ ദേവസ്വം ഏഒ ഗോപകുമാർ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പൃഥ്വിപാൽ, ഭക്തജന സമിതി പ്രസിഡൻ്റ് എം.ബി. ബിജുകുമാർ, തിരുവാഭരണ പേടകവാഹക സംഘാംഗം കിഴക്കേ തോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ എന്നിവർ ചേർന്നു പൊന്നാടയണിയിച്ചും മാലയിട്ടും സ്വീകരിച്ചു. മേൽശാന്തി പ്രയാർ ഇല്ലത്ത് ദേവദാസൻ നമ്പുതിരി പ്രസാദം നല്കി അനുഗ്രഹിച്ചു.
തുടർന്നു ഗണപതിയ്ക്കു തേങ്ങയുടച്ച് പരദേവതയുടെയും ഗുരുകാരണവന്മാരുടെയും അനുഗ്രഹം വാങ്ങി, ക്ഷേത്രത്തിനു വലംവച്ച്, മേടക്കല്ല് താണ്ടി മണികണ്ഠനാൽത്തറ ക്ഷേത്രത്തിലെത്തി. അവിടെ അയ്യപ്പസേവാസംഘം ഭാരവാഹികൾ നല്കിയ സ്വീകരണം ഏറ്റുവാങ്ങി ക്ഷേത്രദർശനവും നടത്തി യാത്ര തിരിച്ചു. ഗോവിന്ദ് വർമ്മയുടെ മുത്തച്ഛൻ കെ. കേരളവർമ്മ, നിരഞ്ജൻ വർമ്മയുടെ അച്ഛൻ രാജേഷ് വർമ്മ, റിട്ട. കേണൽ ഹരിദാസ് എന്നിവർ കുട്ടികളെ അനുഗമിച്ചു.
തുലാമാസം ഒന്നായ നാളെ ശബരിമല സന്നിധിയിൽ വച്ചാണു നറുക്കെടുപ്പ്. ഗോവിന്ദ് ശബരിമല മേൽശാന്തിയെയും നിരഞ്ജൻ മാളികപ്പുറം മേൽശാന്തിയേയും നറുക്കെടുക്കും.