ഇനി ശരണഘോഷ നാളുകള്‍ , ശബരിമല നട ഇന്നു തുറക്കും

November 16, 2023
29
Views

തീര്‍ഥാടന പാതകളുണര്‍ന്നു; ഇനി ശരണഘോഷത്തിന്റെ നാളുകള്‍.

ശബരിമല: തീര്‍ഥാടന പാതകളുണര്‍ന്നു; ഇനി ശരണഘോഷത്തിന്റെ നാളുകള്‍. മണ്ഡല, മകരവിളക്ക്‌ ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും.

കറുപ്പുടുത്ത്‌ മുദ്രയണിഞ്ഞ്‌ ഭാഷാന്തരങ്ങളില്ലാതെ ഒന്നായവരുടെ ശരണം വിളികളാല്‍ പൂങ്കാവനം നിറയും.
ഇന്നു വൈകിട്ട്‌ അഞ്ചിന്‌ തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ജയരാമന്‍ നമ്ബൂതിരി നട തുറന്ന്‌ ശ്രീലകത്തു ദീപം തെളിക്കും. തുടര്‍ന്ന്‌ നാഗര്‍ നടയും ഗണപതി നടയും തുറന്ന ശേഷം പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെത്തി ആഴി ജ്വലിപ്പിക്കും.
രാത്രി ഏഴിനാണു പുതിയ മേല്‍ശാന്തിമാരുടെ അവരോധനച്ചടങ്ങ്‌ നടക്കുക. തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സോപാനത്ത്‌ പത്മം വരച്ച്‌ കലശം പൂജിച്ച ശേഷം നിയുക്‌ത മേല്‍ശാന്തിയെ അഭിഷേകം ചെയ്യും. കൈപിടിച്ച്‌ മേല്‍ശാന്തിയെ ശ്രീലകത്തേക്കാനയിക്കും. തുടര്‍ന്ന്‌ ഭഗവാന്റെ മൂലമന്ത്രം കാതില്‍ ഓതിക്കൊടുക്കുന്നതോടെ ഒരു വര്‍ഷത്തെ പുറപ്പെടാ മേല്‍ശാന്തി അവരോധിക്കപ്പെടും. വൃശ്‌ചികം ഒന്നിന്‌ പുലര്‍ച്ചെ പുതിയ മേല്‍ശാന്തിയാകും നട തുറക്കുക
ഇന്ന്‌ പ്രത്യക പൂജകള്‍ ഉണ്ടായിരിക്കില്ല. ഒരു വര്‍ഷക്കാലം ഭഗവാനെ പൂജ ചെയ്‌ത പുണ്യവുമായി നിലവിലെ മേല്‍ശാന്തി ജയരാമന്‍ നമ്ബൂതിരി ഇന്നു രാത്രി തന്നെ മലയിറങ്ങും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *