ശബരിമല വിമാനത്താവളം തടസങ്ങള്‍ നീക്കാനുറച്ച്‌ സര്‍ക്കാര്‍, പ്രധാനമന്ത്രിയുടെ സഹായം തേടും

September 21, 2021
190
Views

തിരുവനന്തപുരം: പ്രധാനമന്ത്രിയെ ഇടപെടുത്തി, കേന്ദ്ര വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ (ഡി.ജി.സി.എ) എതിര്‍പ്പ് നീക്കിയെടുത്ത് ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. ജൂലായില്‍ ഡല്‍ഹിയില്‍ കണ്ടപ്പോള്‍ ശബരിമല വിമാനത്താവളമടക്കം സ്വപ്‌നപദ്ധതികള്‍ക്ക് പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് അഞ്ചു കോടി തീര്‍ത്ഥാടകരും മദ്ധ്യകേരളത്തിലെ നാല് ജില്ലകളിലെ 20 ലക്ഷത്തിലേറെ വിദേശമലയാളി കുടുംബങ്ങളും ഗുണഭോക്താക്കളായ വിമാനത്താവളത്തിന്റെ ആവശ്യത്തെക്കുറിച്ച്‌ മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിയെ ധരിപ്പിക്കും.

കെ.എസ്.ഐ.ഡി.സിയും അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി കമ്ബനിയും തയ്യാറാക്കിയ സാദ്ധ്യതാപഠന റിപ്പോര്‍ട്ടില്‍ ഒപ്പുവയ്ക്കാതെ കേന്ദ്രത്തിന് സമര്‍പ്പിച്ചതടക്കം ഗുരുതരപിശകുകളുണ്ടായത് എങ്ങനെയെന്ന് മുഖ്യമന്ത്രി യോഗംവിളിച്ച്‌ വിലയിരുത്തും. അട്ടിമറിനീക്കമോ ഗൗരവക്കുറവോ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.

കരിപ്പൂര്‍, മംഗലാപുരം വിമാനത്താവളങ്ങളെ ചൂണ്ടിക്കാട്ടി കണ്ണൂര്‍ വിമാനത്താവളത്തിന് അഞ്ചുവര്‍ഷത്തിലേറെ അനുമതി നിഷേധിച്ചിരുന്നു. 150കിലോമീറ്റര്‍ പരിധിയില്‍ പുതിയ വിമാനത്താവളങ്ങള്‍ക്ക് അനുമതി നല്‍കാറില്ലെങ്കിലും ഡല്‍ഹിയില്‍ നിന്ന് അറുപതു കിലോമീറ്റര്‍ അകലെ ഗ്രേറ്റര്‍ നോയ്ഡയിലും മുംബയ്ക്കടുത്ത് നവിമുംബയിലും പുതിയ വിമാനത്താവളങ്ങള്‍ വരുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി, ദൂരപരിധി മാത്രമല്ല പരിഗണിക്കേണ്ടതെന്ന് സര്‍ക്കാര്‍ മറുപടിനല്‍കും. തിരുവനന്തപുരത്തുനിന്ന് 110കി.മീറ്ററും കൊച്ചിയില്‍ നിന്ന് 88കി.മീറ്ററും അടുത്താണ് ശബരിമല വിമാനത്താവളം.

2025ഓടെ 100പുതിയ വിമാനത്താവളങ്ങള്‍ വികസിപ്പിക്കാനാണ് കേന്ദ്രപദ്ധതിയെങ്കിലും പുതിയ വിമാനത്താവളങ്ങള്‍ക്ക് അനുമതി നല്‍കാതിരിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ ശ്രമമുണ്ടാകുമെന്നാണ് സര്‍ക്കാ‌ര്‍ വിലയിരുത്തുന്നത്. അതിനാല്‍ ഡി.ജി.സി.എയുടെ വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കും. ഇതിനായി കണ്‍സള്‍ട്ടന്റിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പഠനം നടത്തിയ രണ്ട് ഏജന്‍സികളും ഒപ്പുവച്ച റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിലേക്ക് അയയ്ക്കും. റിപ്പോര്‍ട്ട് വിശ്വാസയോഗ്യമല്ലെന്ന് ഡി.ജി.സി.എ ചൂണ്ടിക്കാട്ടിയതിനാല്‍, ഏജന്‍സികളുടെ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോര്‍ട്ടെന്ന ഭാഗം നീക്കും. പ്രതിരോധമന്ത്രാലയത്തിന്റെ ഭാഗിക ക്ലിയറന്‍സ് പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *