തൃശ്ശൂർ: സേഫ്റ്റി പിൻ വിഴുങ്ങി അതിഗുരുതരാവസ്ഥയിലായ എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞിന് തൃശ്ശൂർ മെഡിക്കൽ കോളേജിലെ ചികിത്സയിലൂടെ പുതുജീവൻ. മണ്ണുത്തി വല്ലച്ചിറവീട്ടിൽ വിനോദിന്റെയും ദീപയുടെയും മകനാണ് കുട്ടി.
ജനുവരി 19-ന് രാത്രിയാണ് അത്യാസന്നനിലയിൽ കുഞ്ഞിനെ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിച്ചത്. സ്വകാര്യ ആശുപത്രിയിൽനിന്നാണ് കുഞ്ഞിനെ മെഡിക്കൽ കോളേജിലെത്തിച്ചത്.
ആശുപത്രിയിൽ എത്തുന്നതിനും രണ്ടാഴ്ചമുൻപെങ്കിലും വിഴുങ്ങിയ പിൻ ആണ് കുഞ്ഞിനെ അപകടാവസ്ഥയിലെത്തിച്ചത്. കുഞ്ഞ് സേഫ്റ്റി പിൻ വിഴുങ്ങിപ്പോയ കാര്യം ആരും അറിഞ്ഞിരുന്നില്ല.
ബോധരഹിതനായ കുഞ്ഞിന്റെ ജീവൻ നിലനിർത്തുന്നതിനായി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയ്ക്കിടെ തലച്ചോറിൽ പഴുപ്പ് കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയ നടത്താൻ ഒരുങ്ങിയപ്പോൾ കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചു. ഉടൻ കൊറോണ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച കഴിഞ്ഞ് ന്യൂറോ സർജറി വിഭാഗത്തിലെ വിദഗ്ധരുടെ നേതൃത്വത്തിൽ തലച്ചോറിലെ പഴുപ്പ് നീക്കി.
ഇതോടെ ആരോഗ്യനില മെച്ചപ്പെടാൻ തുടങ്ങി. പിന്നീട് നടത്തിയ വിശദപരിശോധനയിൽ അന്നനാളത്തിൽ തുറന്നനിലയിൽ സേഫ്റ്റി പിൻ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. വൈകാതെ ശിശുരോഗ ശസ്ത്രക്രിയാവിഭാഗത്തിന്റെ നേതൃത്വത്തിൽ കുഞ്ഞിനെ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയമാക്കി സൂചി പുറത്തെടുത്തു. ഒപ്പം അന്നനാളത്തിലുണ്ടായിരുന്ന പഴുപ്പും നീക്കം ചെയ്തു. സേഫ്റ്റി പിൻ അന്നനാളത്തിൽ കുടുങ്ങിയതിനെത്തുടർന്നുണ്ടായ പഴുപ്പാണ് തലച്ചോറിലേക്കും വ്യാപിച്ചത്.
അപകടനില തരണംചെയ്ത കുഞ്ഞ് ഭക്ഷണം കഴിച്ചുതുടങ്ങി. ഇപ്പോൾ ശിശുരോഗവിഭാഗം ഐ.സി.യു.വിലാണ്. പത്തുദിവസത്തിനകം ആശുപത്രി വിടാനാകും.
മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി, ശിശുരോഗം, ശിശുരോഗശസ്ത്രക്രിയാവിഭാഗം എന്നീ വകുപ്പുകളിലെ ഡോക്ടർമാർ ഒത്തൊരുമിച്ച് നടത്തിയ ഇടപെടലുകളാണ് കുഞ്ഞിന് ജീവൻ തിരിച്ചുകിട്ടാൻ സഹായിച്ചത്. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ആർ. ബിജുകൃഷ്ണൻ, ഡോ. ജിയോ സനിൽ, ഡോ. ജിതിൻ, ഡോ. അമോൽ ഡാഗെ, ഡോ. ഷാഹിദ്, ശിശുരോഗ ശസ്ത്രക്രിയാവിഭാഗത്തിലെ ഡോ. ശശികുമാർ, ശിശുരോഗവിഭാഗത്തിലെ ഡോ. ടി.എ. ഷീല, ഡോ. ദീപ അനിരുദ്ധൻ എന്നിവരാണ് കുഞ്ഞിന്റെ ചികിത്സയിൽ പങ്കാളികളായത്.