കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ സിപിഎം നേതാവ് സക്കീർ ഹുസൈൻ ഉൾപ്പെടെ നാലു പ്രതികളെയും കോടതി വെറുതെവിട്ടു. മുഖ്യസാക്ഷി ഉൾപ്പെടെയുള്ളവർ കൂറുമാറിയ പശ്ചാത്തലത്തിലാണ് എറണാകുളം സിജെഎം കോടതിയുടെ വിധി. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിധിയിൽ പറയുന്നു.
സക്കീർ ഹുസൈനെ കൂടാതെ കറുകപ്പിള്ളി സിദ്ധിഖ്, തമ്മനം ഫൈസൽ, ഷീലാ തോമസ് എന്നിവരായിരുന്നു കേസിലെ പ്രതികൾ. നാലാം പ്രതി ഷീലാ തോമസുമായുള്ള തർക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സക്കീറിന്റെ നിർദേശപ്രകാരം രണ്ടും മൂന്നും പ്രതികൾ വ്യവസായിയെ തട്ടിക്കൊണ്ടുപോയി കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ എത്തിച്ച് ഭീഷണിപ്പെടുത്തി എന്നതായിരുന്നു കേസ്. പ്രതികൾക്കെതിരേ തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, ദേഹോപദ്രവം ഏൽപിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിരുന്നു.
2015 ജൂണിലാണ് കേസിനാസ്പദമായ സംഭവം. അന്ന് കളമശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന സക്കീർ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം വിവാദമായതോടെ പാർട്ടി കമ്മീഷനെ വെച്ച് അന്വേഷണവും നടത്തിയിരുന്നെങ്കിലും ജാഗ്രതക്കുറവെന്നായിരുന്നു കണ്ടെത്തൽ. പിന്നീട് അനധികൃത സ്വത്ത് സമ്പാദനക്കേസിനെ തുടർന്നാണ് ഇദ്ദേഹത്തെ ഏരിയ കമ്മിറ്റി സ്ഥാനത്തുനിന്ന് നീക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായത്. നിലവിൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ് സക്കീർ ഹുസൈൻ.