ന്യൂ ഡെൽഹി: വിവാദ ഇസ്ലാമിക് മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്‍റെ സംഘടനയ്ക്കുള്ള വിലക്ക് അഞ്ച് വര്‍ഷം നീട്ടി കേന്ദ്രം. നിലവില്‍ മലേഷ്യയിലുള്ള സാക്കിര്‍ നായിക്കിന്‍റെ ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷനുള്ള വിലക്കാണ് കേന്ദ്രം അഞ്ച് വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചത്. 2016 നവംബര്‍ 17നാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന് കേന്ദ്രം യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ അനുസരിച്ച് വിലക്ക് പ്രഖ്യാപിച്ചത്. രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളിയാവുന്ന തരത്തിലും മതസാഹോദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന രീതിയിലും ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര ആഭ്യന്തമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്‍റെ മതേതരത്വം തകര്‍ക്കുന്ന പ്രവര്‍ത്തനത്തിലും ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്‍ ഏര്‍പ്പെടുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. മതപശ്ചാത്തലത്തില്‍ വിദ്വേഷം, സ്പര്‍ധ എന്നിവ വിതയ്ക്കാനുള്ള ശ്രമമാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷനും അതിലെ അനുയായികളും സക്കീര്‍ നായിക്കിന്‍റെ നേതൃത്വത്തില്‍ ചെയ്യുന്നത്. മതവിഭാഗങ്ങളില്‍ ഉണ്ടാക്കപ്പെടുന്ന ഈ സ്പര്‍ധ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. സാക്കിര്‍ നായിക്ക് നടത്തിയിട്ടുള്ള പ്രഭാഷണങ്ങള്‍ വിദ്വേഷവും സ്പര്‍ധയും പടര്‍ത്തുന്നതാണ്.
ഒരു പ്രത്യേക വിഭാഗത്തിലെ യുവജനങ്ങളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നതാണ് ഈ പ്രഭാഷണങ്ങള്‍ എന്നും കേന്ദ്രം വിശദമാക്കി. സമൂഹമാധ്യമങ്ങളിലൂടെയും ടെലിവിഷന്‍, അച്ചടി മാധ്യമങ്ങളിലൂടെയും മാലിക് നടത്തിയിട്ടുള്ള വിദ്വേഷപ്രചാരണം തീവ്രവാദ പ്രചാരണത്തിന് കാരണമായിട്ടുണ്ട്. നിയമവിരുദ്ധമായ സംഘടനയുടെ പ്രവര്‍ത്തനം ഉടനടി നിയന്ത്രിച്ചില്ലെങ്കില്‍ ഇപ്പോള്‍ ഒളിവിലിരുന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വീണ്ടും സജീവമാകാനുള്ള അവസരമാകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തി.
രാജ്യത്ത് ഐസിസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഭൂരിഭാഗം പേരും മതപ്രഭാഷകനായ സാക്കിര്‍ നായിക്കിന്‍റെ പ്രസംഗം സ്വാധീനിച്ച് തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ എത്തിയവരാണെന്ന് എന്‍ഐഎ ഇന്‍സ്പെക്ടര്‍ ജനറല്‍ അലോക് മിത്തല്‍ നേരത്തെ എന്‍ഐഎ സംഘടിപ്പിച്ച ഒരു ദേശീയ സെമിനാറില്‍ വിശദമാക്കിയിരുന്നു. തമിഴ്നാട്ടില്‍ നിന്ന് 33 പേരും ഉത്തര്‍ പ്രദേശില്‍ നിന്ന് 19 പേരും കേരളത്തില്‍ നിന്ന് 17 പേരും തെലങ്കാനയില്‍ നിന്ന് 14 പേരും ഐസിസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ഐഎയുടെ പിടിയിലായിട്ടുണ്ടെന്ന് അലോക് മിത്തല്‍ സെമിനാറില്‍ വ്യക്തമാക്കിയത്.