ന്യൂ ഡെൽഹി; എൻസിബി മുംബൈ സോണൽ ചീഫ് സമീർ വാങ്കഡെയ്ക്ക് സ്വന്തമായി ബാർ ഹോട്ടലുണ്ടെന്ന് മഹാരാഷ്ട്ര എക്സൈസ് വകുപ്പ്. ജോലിക്കായി മുസ്ലിം ആണെന്നുള്ള വ്യാജ സർട്ടിഫിക്കറ്റ് ചമച്ചുവെന്ന ആരോപണം നേരിടുന്നതിനിടെയാണ് വാങ്കഡെയ്ക്കെതിരെ പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
ആരോപണം സ്ഥിരീകരിച്ച വാങ്കഡെ, ബാർ ഹോട്ടലിന്റെ പവർ ഓഫ് അറ്റോർണി അച്ഛന് കൈമാറിയിട്ടുണ്ടെന്നും നിയമവിരുദ്ധമായി ഒന്നുമില്ലെന്നും അവകാശപ്പെട്ടു. 2022 വരെയാണ് ബാർ ലൈസൻസ് അനുവദിച്ചിരിക്കുന്നത്. നവി മുംബൈയിലെ വാഷിയിലാണ് സദ്ഗുരുവെന്ന ബാർലൈസൻസുള്ള ഹോട്ടൽ പ്രവർത്തിക്കുന്നത്.
എൻസിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്കാണ് ആരോപണം ആദ്യം ഉന്നയിച്ചത്. എക്സൈസിലായിരുന്ന സമീർ വാങ്കഡെയുടെ അച്ഛൻ ധ്യാൻദേവ് വാങ്കഡെ 1997 ൽ സമീർ വാങ്കഡെയുടെ പേരിൽ എടുത്തതാണ് ബാർ ലൈസൻസെന്നും അന്ന് സമീറിന് 18 വയസ് പോലും തികഞ്ഞിരുന്നില്ലെന്നും ഇത് കുറ്റകരമാണെന്നുമായിരുന്നു നവാബ് മാലികിന്റെ വെളിപ്പെടുത്തൽ.