തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. കോഫെപോസ തടവ് അവസാനിച്ചതോടെയാണ് സന്ദീപ് ജയില്‍ മോചിതനായത്. പൂജപ്പുര ജയിലില്‍ തടവിലായിരുന്നു സന്ദീപ്. എന്‍ ഐ എ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷവും മൂന്നു മാസവും തികയുമ്ബോഴാണ് ജയില്‍ മോചിതനായത്. സ്വര്‍ണകടത്തുകേസില്‍ മാപ്പുസാക്ഷിയാവുകയും മറ്റ് നിരവധി കേസുകളില്‍ സന്ദീപിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ബാക്കിയെല്ലാം പിന്നീട് പറയാമെന്നും ജയില്‍ മോചിതനായ ശേഷം സന്ദീപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്വര്‍ണകടത്ത് കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിനെതിരായ കോഫേപോസ ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കിയിരുന്നു. സ്വപ്ന സുരേഷിന്റെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട ഹൈക്കോടതി ഡിവിഷന് ബെഞ്ച്, സ്വപ്ന സുരേഷിനു മേല്‍ കോഫേപോസ ചുമത്തിയത് മതിയായ കാരണമില്ലാതെയെന്ന് നിരീക്ഷിച്ചു. ഞായറാഴ്ച സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. കോഫെപോസ റദ്ദാക്കപ്പെട്ടെങ്കിലും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ ഐ എയുടെ കേസില്‍ ഇതു വരെ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്നക്ക് ജയിലില്‍ തുടരേണ്ടി വരും.