കണ്ണൂർ: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചതിന് പിന്നാലെ വർഗിയ ധ്രുവീകരണം ലക്ഷ്യംവച്ചുള്ള വ്യാജ പ്രചാരണങ്ങൾ തുടരുന്നു. ‘ബിപിന്‍ റാവത്തിന്റെ മരണത്തില്‍ സന്തോഷിക്കുന്ന ഈരാറ്റുപേട്ടക്കാരന്‍ ജിഹാദി’ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ സംഘപരിവാർ നടത്തിയ ഒരു നുണ പ്രചാരണം കൂടി പുറത്തായി.
കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി കെ ഫൈസലിന്‍റെ ചിത്രമുപയോഗിച്ചാണ് വിദ്വേഷ പ്രചാരണം നടത്തിയത്. ബിപിന്‍ റാവത്തിന്‍റെ മരണ വാര്‍ത്തയ്ക്ക് താഴെ ഫൈസലിന്റെ ചിത്രമുപയോഗിച്ച് ഉണ്ടാക്കിയ ‘അനസ് മുഹമ്മദ് വിളയില്‍’ എന്ന വ്യാജ അകൗണ്ട് വഴിയായിരുന്നു വിദ്വേഷ പ്രചാരണം. ‘അല്ലാഹുവിന്‍റെ ശിക്ഷ തുടങ്ങി’ എന്നായിരുന്നു വാർത്തയ്ക്ക് താഴെ വ്യാജ അകൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്ത കമന്റ്.
തുടർന്ന് ഈ കമന്‍റിന്‍റെയും പ്രൊഫൈലിന്‍റേയും സ്ക്രീന്‍ ഷോട്ടുകള്‍ എടുത്ത് ‘സോള്‍ജിയേഴ്സ് ഓഫ് ക്രോസ്’ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ ഗ്രൂപ്പുകളിലും സംഘപരിവാര്‍ ഗ്രൂപ്പുകളിലും വിദ്വേഷ കുറിപ്പുകളുടെ അകമ്പടിയോടെ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ആര്‍എസ്എസ് നേതാവും ബിജെപി പള്ളിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയായ ശ്രീജിത്ത് ചെറായി അടക്കം നിരവധി സംഘപരിവാർ പ്രൊഫൈലുകൾ ഈ വ്യാജ പ്രചാരണം ഏറ്റുപിടിച്ചു. വ്യാജ പ്രൊഫൈലിൽ നിന്നാണ് വിദ്വേഷ പ്രചാരണം എന്ന കാര്യം തുറന്നുകാട്ടപ്പെട്ടതോടെ അകൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടു.
പ്രൊഫൈല്‍ ഉടമ എസ്ഡിപിഐക്കാരനാണെന്ന് വരുത്തിത്തീർക്കാനും ബോധപൂർവമായ ശ്രമമുണ്ടായി. ഫൈസലിന്‍റെ മകളുടെ പേരിൽ ഉള്ള അകൗണ്ടിലെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സംഘപരിവാർ ഈ നീക്കം നടത്തിയത്. തന്‍റേയും കുട്ടികളുടേയും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് വ്യാജ ഫേസ്ബുക്ക് അകൗണ്ട് ഉണ്ടാക്കി വിദ്വേഷ പ്രചാരണം നടത്തിയതിനെതിരേ എസ്പിക്ക് പരാതി നൽകിയിരിക്കുകയാണ് ഫൈസൽ.