ആര്യൻ്റേതടക്കം ആറ് കേസുകൾ ഇനി അന്വേഷിക്കുക സഞ്ജയ് സിംഗ്: നീക്കിയത് തന്റെകൂടി ആവശ്യം പരിഗണിച്ചെന്ന് വാംഖഡെ

November 6, 2021
133
Views

മുംബൈ: നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ ഇനി അന്വേഷണം നടത്തുക മുതിർന്ന പൊലീസ് ഓഫീസർ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം. ഇതുവരെ അന്വേഷണം നടത്തിയിരുന്ന എൻസിബി (NCB) ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ നീക്കി.

കേസിൽ നിന്ന് ഒഴിവാക്കാൻ എട്ട് കോടി രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണം നിലനിൽക്കെയാണ് സമീർ വാങ്കഡെയെ അന്വേഷണത്തിൽ നിന്ന് നീക്കിയത്. മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ ഉൾപ്പെട്ട കേസ് അടക്കം സമീർ വാങ്കഡെ അന്വേഷിക്കുന്ന മറ്റ് ആറ് കേസുകളും ഇനി സഞ്ജയ് സിംഗ് ആയിരിക്കും അന്വേഷിക്കുക. ഒഡീഷ കേഡറിലെ 1996 ബാച്ച് ഉദ്യോഗസ്ഥനാണ് സഞ്ജയ് സിംഗ്.

താൻ ആവശ്യപ്പെട്ടത് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്നായിരുന്നുവെന്ന്, സമീർ വാങ്കഡെയ്ക്കെതിരെ തുടർച്ചയായി ആരോപണം ഉന്നയിച്ചിരുന്ന എൻസിപി നേതാവ് കൂടിയായ നവാബ് മാലിക്ക് ട്വീറ്റ് ചെയ്തു. അതേസയം ഒരു ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥരോ നിലവിലുള്ള സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ടിട്ടില്ലെന്ന് വാർത്ത പുറത്തുവന്നതിന് പിന്നാലെ എൻസിബി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിൽ നിന്ന് മാറ്റിയതിന് പിന്നാലെ തന്നെ എവിടെ നിന്നും പുറത്താക്കിയിട്ടില്ലെന്നാണ് എൻഡിടിവിയോട് സമീർ വാങ്കഡെ പ്രതികരിച്ചത്.

”എന്നെ എവിടെ നിന്നും മാറ്റിയിട്ടില്ല, അന്വേഷണം കേന്ദ്ര ഏജൻസിയായ സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഞാൻ റിട്ട് ഹർജി നൽകിയിരുന്നു” – വാങ്കഡെ എൻഐഎയോട് പറഞ്ഞു. ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് സമീർ വാങ്കഡെയ്ക്കെതിരെ ഉയർന്നത്. പ്രധാനമായും നവാബ് മാലിക്കും പ്രഭാകർ സെയിലുമാണ് ആരോപണവുമായി രംഗത്തെത്തിയത്. ആര്യൻ ഖാൻ കേസിൽ എൻസിബി ഹാജരാക്കിയ സാക്ഷിയായിരുന്നു പ്രഭാകർ സെയിൽ.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *