ഇന്ത്യയിലെ ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ് സൗദി കിരീടാവകാശി, മോദിക്ക് സന്ദേശമയച്ചു

September 12, 2023
21
Views

ജിദ്ദ: ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ഇന്ത്യയില്‍ ലഭിച്ച ഊഷ്മള സ്വീകരണത്തിന് സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിൻ സല്‍മാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു.

ന്യൂഡല്‍ഹിയില്‍നിന്ന് പുറപ്പെടവെയാണ് നന്ദി സന്ദേശം അയച്ചത്. സൗഹൃദ രാജ്യമായ ഇന്ത്യ വിടുമ്ബോള്‍ എനിക്കും ഒപ്പമുള്ള സംഘത്തിനും ലഭിച്ച ഊഷ്മള സ്വീകരണത്തിനും ആതിഥ്യമര്യാദക്കും നിങ്ങളുടെ രാജ്യത്തോട് വലിയ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതില്‍ ഞാൻ സന്തുഷ്ടനാണെന്ന് സന്ദേശത്തില്‍ പറയുന്നു. നിങ്ങളുടെ രാജ്യവുമായി ഞാൻ നടത്തിയ ഔദ്യോഗിക ചര്‍ച്ചകള്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ദൃഢബന്ധത്തിന്റെ ശക്തിയും ഉഭയകക്ഷി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യവും ഉറപ്പിക്കുന്നതാണ്.

സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗം ഗുണഫലമുണ്ടാക്കിയതിനെ ഞാൻ അഭിനന്ദിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ കാര്യമായ സ്വാധീനം അത് ചെലുത്തും. ജി 20 ഉച്ചകോടിയുടെ അധ്യക്ഷ പദവി ഇന്ത്യ അലങ്കരിപ്പോള്‍ ഉണ്ടായ നല്ല ഫലങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. അതിന്റെ തീരുമാനങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. ഗ്രൂപ്പിലെ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തെ പിന്തുണക്കുന്നതിനും ആഗോള സമ്ബദ്‌ വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് വര്‍ധിപ്പിക്കുന്നതിനും ഇത് ഗണ്യമായ സംഭാവന നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ രാജ്യത്തിന് ആരോഗ്യവും സന്തോഷവുമുണ്ടാകട്ടെ. നിങ്ങളുടെ രാജ്യത്തിനും ജനതക്കും പുരോഗതിയും സമൃദ്ധിയും തുടരട്ടെ എന്നും ആശംസിക്കുന്നു -സന്ദേശത്തില്‍ പറയുന്നു.

മടക്ക യാത്രാവേളയില്‍ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും കിരീടാവകാശി നന്ദി സന്ദേശം അയച്ചു. ന്യൂഡല്‍ഹിയില്‍ നിന്ന് തിങ്കളാഴ്ച വൈകീട്ട് പുറപ്പെട്ട കിരീടാവകാശി ഒമാനിലെത്തി. അവിടെ ഒമാൻ സുല്‍ത്താൻ സുല്‍ത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തും.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *