കുട്ടമ്ബുഴ പഞ്ചായത്തിലെ മാമലക്കണ്ടം എളംബ്ലാശേരി അഞ്ചുകുടിയില്‍ സ്വകാര്യ വ്യക്‌തിയുടെ കിണറ്റില്‍ ആനയും കുട്ടിയാനയും വീണു.
കോതമംഗലം:കുട്ടമ്ബുഴ പഞ്ചായത്തിലെ മാമലക്കണ്ടം എളംബ്ലാശേരി അഞ്ചുകുടിയില്‍ സ്വകാര്യ വ്യക്‌തിയുടെ കിണറ്റില്‍ ആനയും കുട്ടിയാനയും വീണു.
അഞ്ചു കൂടി സ്വദേശി പേപ്പാറയില്‍ പൊന്നമ്മ മത്തായിയുടെ പുരയിടത്തിലെ കിണറിലാണ് ഇന്നലെ പുലര്‍ച്ചെ നാലിനു തള്ളയാനയും കുട്ടിയാനയും വീണത്. കൃഷിയിടത്തിലെത്തിയ കാട്ടാനക്കൂട്ടത്തില്‍നിന്നും കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു പിടിയാനയും കിണറില്‍ വീണതെന്ന് കരുതുന്നു. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ജീവനക്കാര്‍ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഇരുവരെയും രക്ഷിച്ച് കാട്ടില്‍ കയറ്റി വിട്ടു. ആനകയറി പോകുന്ന സമയം ചിന്നം വിളിച്ച് ഓടിയെത്തിയത് ആളുകളെ പരിഭ്രാന്തിയിലാഴ്‌ത്തി.ആന കയറി വരും വഴി പിഴുതിട്ട കൊക്കോ മരത്തില്‍ കാല്‍ തട്ടി. വനം വകുപ്പ് ജീവനക്കാരനായ വി.ആര്‍.സജീവന് പരുക്കേറ്റു.
എട്ടു മണിയോടെയാണ് പിടിയാനയെയും ഒരുവയസുള്ള കുട്ടിയാനയെയും കാടുകയറ്റിയത്.കുട്ടമ്ബുഴ പഞ്ചായത്തിലെ പലയിടങ്ങളിലും മുമ്ബും ആനകള്‍ കിണറ്റില്‍ വീണിട്ടുണ്ടെങ്കിലും തള്ളയാനയും കുട്ടിയാനയും ഒരുമിച്ച് കിണറിലകപ്പെടുന്നത് ആദ്യമാണെന്ന് വനം ഉദ്യോഗസ്‌ഥര്‍ പറയുന്നു. ഫോറസ്‌റ്റ് റേഞ്ച് ഓഫീസര്‍ ജോജി ജെയിംസ്, ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍മാരായ വി. സുനില്‍ , ജി.ജി. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ വനം ഉദ്യോഗസ്‌ഥരാണു രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്.