തിരുവനന്തപുരം: സ്കൂൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. എന്നാൽ കൃത്യമായ മുന്നൊരുക്കങ്ങൾ വേണമെന്നും ഐ എം എ സർക്കാരിനോട് ആവശ്യപ്പെട്ടു.
സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരുമെല്ലാം നിർബന്ധമായും വാക്സിനേഷൻ ചെയ്തിരിക്കണം. കുട്ടികളുടെ മാതാപിതാക്കളും മുതിർന്ന കുടുംബാംഗങ്ങളും വാക്സീൻ എടുത്തവരാണെന്ന് ഉറപ്പിക്കണം.
ക്ലാസുകൾക്ക് ഇടയിൽ ഇടവേളകൾ ശാസ്ത്രീയമായി ക്രമീകരിക്കണം. സ്കൂളുകളിൽ വെച്ച് ഭക്ഷണം കഴിക്കുന്ന ഇടവേളകൾ ഉണ്ടാകാതിരിക്കുതാണ് നല്ലത്. ക്ലാസുകൾ ക്രമീകരിക്കുമ്പോൾ ഒരു ബെഞ്ചിൽ ഒന്നോ രണ്ടോ കുട്ടികൾ മാത്രം സാമൂഹ്യ അകലത്തിൽ ഇരിക്കുന്ന സമ്പ്രദായം നടപ്പിലാക്കണമെന്നും ഐഎംഎ നിർദേശിക്കുന്നു.
കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ അനുവാദം ലഭിക്കുന്ന മാത്രയിൽ വാക്സിനേഷൻ ക്യാമ്പുകൾ പഠന കേന്ദ്രങ്ങളിൽ തന്നെ സജ്ജമാക്കുന്നതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സന്നദ്ധരാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഐ എം എ പറയുന്നു.