പി.ആര്‍. ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഡോ. ഷംഷീര്‍ വയലില്‍

August 9, 2021
170
Views

തിരുവനന്തപുരം: ടോക്കേിയോ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ അംഗം പി.ആര്‍. ശ്രീജേഷിന് മലയാളി സംരംഭകനും വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അടുത്ത ദിവസം കേരളത്തിലെത്തുന്ന ശ്രീജേഷിന് കൊച്ചിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ പ്രതിനിധികള്‍ പാരിതോഷികം കൈമാറും. ടോക്കിയോയില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ശ്രീജേഷിനെ ദുബായില്‍നിന്ന് ഫോണില്‍ ബന്ധപ്പെട്ടാണ് ഡോ. ഷംഷീര്‍ സര്‍പ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്. പ്രശസ്ത വ്യവസായ എം.എ.യൂസഫലിയുടെ മരുമകന്‍ കൂടിയാണ് ഷംഷീര്‍. നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് വിരാമമിട്ടാണ് ഹോക്കിയില്‍ ഇന്ത്യ ഒളിപിക് മെഡല്‍ നേടിയത്. ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പാരിതോഷികമാണ് ഡോ. ഷംഷീര്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ. അതേസമയം, മികച്ച നേട്ടം കൈവരിച്ച താരത്തിന് സംസ്ഥാന സര്‍ക്കാര്‍ അര്‍ഹിക്കുന്ന പുരസ്‌കാരം പ്രഖ്യാപിക്കാത്തില്‍ പരക്കെ വിമര്‍ശനമുയരുന്നുണ്ട്.

‘പ്രിയപ്പെട്ട ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷ് മികച്ച പ്രകടനത്തിലൂടെ ഇന്ത്യക്കാര്‍ക്ക് അഭിമാന മുഹൂര്‍ത്തമാണ് സമ്മാനിച്ചത്. ഒരു മലയാളിയെന്ന നിലയില്‍ ഈ നേട്ടത്തില്‍ എനിക്കും അഭിമാനമുണ്ട്. രാജ്യത്ത് ഹോക്കിയിലുള്ള താല്‍പര്യം വര്‍ധിക്കാന്‍ ഈ നേട്ടം ഇടയാക്കിയിട്ടുണ്ട്. ശ്രീജേഷിന്‍െയും സഹ താരങ്ങളുടെയും പ്രകടനം നൂറുകണക്കിന് യുവതീയുവാക്കളെ തുടര്‍ന്നും പ്രചോദിപ്പിക്കുമെന്നുറപ്പാണ്’ – ഡോ. ഷംഷീര്‍ പറഞ്ഞു.

ഇത്രയും വലിയൊരു തുക കേട്ടുമാത്രമേ പരിചയമുള്ളൂവെന്നും പാരിതോഷികമായി പ്രഖ്യാപിച്ചത് വലിയ സര്‍പ്രൈസാണെന്നും മാധ്യമപ്രവര്‍ത്തരോട് ടോക്കിയോയില്‍ നിന്ന് ശ്രീജേഷ് പ്രതികരിച്ചു. ‘ഒരു മലയാളിയില്‍ നിന്ന് തേടിയെത്തിയ സമ്മാനം വിലമതിക്കാനാവാത്തതാണ്. ഡോ. ഷംഷീറിന്റെ ഫോണ്‍ കോള്‍ പ്രതീക്ഷിച്ചിരുന്നില്ല. ടീമിന്റെയും എന്റെയും പ്രകടനത്തെ അഭിനന്ദിക്കാനായി വിളിച്ചതിനും സംസാരിച്ചതിനും വളരെയധികം നന്ദി. അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഒരു കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ചത് വലിയ സര്‍പ്രൈസാണ്. കാരണം ഇത്രയും വലിയൊരു തുക കേട്ടുമാത്രമേ പരിചയമുള്ളൂ. അത് പാരിതോഷികമായി നല്‍കുന്നുവെന്നറിയുന്നതില്‍ വളരെയധികം സന്തോഷമുണ്ട്’ – ശ്രീജേഷ് പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *