ഇസ്രായേലിന് പിന്തുണയുമായി ചെങ്കടലില്‍ നിലകൊള്ളുന്ന അമേരിക്കൻ യുദ്ധക്കപ്പലായ യു.എസ്.എസ് ഐസനോവറിനു നേരെ കനത്ത റോക്കറ്റ്, ഡ്രോണ്‍ ആക്രമണവുമായി യമനിലെ ഹൂതികള്‍.
സൻആ: ഇസ്രായേലിന് പിന്തുണയുമായി ചെങ്കടലില്‍ നിലകൊള്ളുന്ന അമേരിക്കൻ യുദ്ധക്കപ്പലായ യു.എസ്.എസ് ഐസനോവറിനു നേരെ കനത്ത റോക്കറ്റ്, ഡ്രോണ്‍ ആക്രമണവുമായി യമനിലെ ഹൂതികള്‍.
ചെങ്കടലില്‍ കപ്പലുകള്‍ക്കുനേരെ ഇതുവരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. തിരിച്ചടിച്ച യു.എസ്, യു.കെ സഖ്യസേന യുദ്ധക്കപ്പലുകള്‍ 18 ഡ്രോണുകളും മൂന്ന് മിസൈലുകളും ആകാശത്തുവെച്ചുതന്നെ തകര്‍ത്തതായി അവകാശപ്പെട്ടു. ഹൂതി ആക്രമണം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും കനത്ത വില നല്‍കേണ്ടിവരുമെന്നും യു.കെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സ് മുന്നറിയിപ്പ് നല്‍കി. ഹൂതികള്‍ പുതിയ യുദ്ധമുഖം തുറക്കരുതെന്ന് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗിഡോ ക്രൊസറ്റോയും ആവശ്യപ്പെട്ടു. ഗസ്സയിലെ ഇസ്രായേല്‍ അതിക്രമത്തില്‍ പ്രതിഷേധിച്ചുള്ള ഹൂതി ആക്രമണത്തെ തുടര്‍ന്ന് നിരവധി കപ്പല്‍ കമ്ബനികള്‍ ചെങ്കടല്‍ വഴിയുള്ള ചരക്ക് ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. കപ്പലുകള്‍ക്ക് സംരക്ഷണമേകാൻ അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യസേന രൂപവത്കരിച്ചിരുന്നു.
അമേരിക്കൻ യുദ്ധക്കപ്പല്‍ ലക്ഷ്യമിട്ട് കപ്പല്‍വേധ ക്രൂസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നത്. കപ്പലിന് നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നും ആര്‍ക്കും പരിക്കില്ലെന്നും യു.എസ് സെൻട്രല്‍ കമാൻഡ് അറിയിച്ചു. യു.എസ്.എസ് ഐസനോവറില്‍നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനങ്ങളും യു.കെ യുദ്ധക്കപ്പലായ എച്ച്.എം.എസ് ഡയമണ്ടും ചേര്‍ന്നാണ് മിസൈലുകളും ഡ്രോണുകളും തകര്‍ത്തതെന്ന് ഗ്രാന്റ് ഷാപ്സ് അറിയിച്ചു.
അതിനിടെ, ഗസ്സയില്‍ തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ മരണം 23,357 ആയി. 24 മണിക്കൂറിനിടെ 147 പേരാണ് മരിച്ചത്. 59,410 പേര്‍ക്ക് പരിക്കുണ്ട്. ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടതോടെ കരയുദ്ധം ആരംഭിച്ചതുമുതല്‍ മരിച്ച ഐ.ഡി.എഫ് അംഗങ്ങളുടെ എണ്ണം 186 ആയി. മധ്യ ഗസ്സയിലെ മഗാസിയില്‍ 15 ഭൂഗര്‍ഭ അറകള്‍ തകര്‍ത്തതായി ഇസ്രായേല്‍ സേന അവകാശപ്പെട്ടു. ലബനാനില്‍ ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്തി. ഗസ്സയിലെ 15 ആശുപത്രികള്‍ മാത്രമാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യ പര്യടനം നടത്തുന്ന യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി റാമല്ലയില്‍ ചര്‍ച്ച നടത്തി.