സംഘര്‍ഷ മേഖലയായി തുടരുന്ന ചെങ്കടലില്‍ ഏദൻ തീരത്ത് തിങ്കളാഴ്ച വൈകീട്ട് അമേരിക്കൻ ചരക്കുകപ്പലിനുനേരെ ഹൂതി മിസൈല്‍ ആക്രമണം
സൻആ: സംഘര്‍ഷ മേഖലയായി തുടരുന്ന ചെങ്കടലില്‍ ഏദൻ തീരത്ത് തിങ്കളാഴ്ച വൈകീട്ട് അമേരിക്കൻ ചരക്കുകപ്പലിനുനേരെ ഹൂതി മിസൈല്‍ ആക്രമണം.
അമേരിക്കയിലെ കണേറ്റിക്കട്ട് ആസ്ഥാനമായ കമ്ബനിക്ക് കീഴിലുള്ള ഈഗിള്‍ ജബ്രാള്‍ട്ടര്‍ എന്ന കപ്പലിനുനേരെയാണ് ആക്രമണം നടന്നത്.
ഗസ്സ അതിക്രമത്തില്‍ ഇസ്രായേലിന് പിന്തുണയേകി ചെങ്കടലില്‍ റോന്തുചുറ്റുന്ന പടക്കപ്പല്‍ യു.എസ്.എസ് ലബൂണിനുനേരെ ഞായറാഴ്ച വൈകീട്ട് പ്രാദേശിക സമയം 4.45ഓടെ ഹൂതികള്‍ മിസൈല്‍ തൊടുത്തിരുന്നു. എന്നാല്‍, ലക്ഷ്യത്തിലെത്തും മുമ്ബേ ഹുദൈദ തീരത്തുവെച്ച് അമേരിക്കൻ യുദ്ധവിമാനങ്ങള്‍ മിസൈല്‍ തകര്‍ത്തതായി യു.എസ് സെൻട്രല്‍ കമാൻഡ് അറിയിച്ചു.
ഗസ്സയില്‍ ആക്രമണം തുടരുന്നതില്‍ പ്രതിഷേധിച്ച് ഇസ്രായേലിലേക്കുള്ള കപ്പലുകള്‍ക്കുനേരെ ഹൂതികളുടെ ആക്രമണത്തെത്തുടര്‍ന്ന് ചെങ്കടലിലൂടെയുള്ള ചരക്കുനീക്കം നാളുകളായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിന് തിരിച്ചടിയായി അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തില്‍ ഹൂതി സൈനിക കേന്ദ്രങ്ങളില്‍ കഴിഞ്ഞയാഴ്ച വ്യോമാക്രമണം നടത്തിയിരുന്നു. എന്നാല്‍, ഇസ്രായേല്‍ അതിക്രമം അവസാനിപ്പിക്കാതെ ചെങ്കടല്‍ ആക്രമണം നിര്‍ത്തില്ലെന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാം ആവര്‍ത്തിച്ചു.