ഏകദിനത്തില്‍ ഹാഷിം ആംലയുടെ റെക്കോഡ് മറികടന്ന് ശുഭ്മൻ ഗില്‍
ധരംശാല (ഹിമാചല്‍ പ്രദേശ്): ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോഡ് കുറിച്ച് ഇന്ത്യൻ ഓപണര്‍ ശുഭ്മൻ ഗില്‍. ന്യൂസിലാൻഡിനെതിരായ മത്സരത്തില്‍ 26 റണ്‍സെടുത്ത താരം ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികച്ച ബാറ്ററെന്ന നേട്ടമാണ് സ്വന്തം പേരിലാക്കിയത്.
ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ഹാഷിം ആംലയുടെ റെക്കോഡാണ് മറികടന്നത്. ആംലക്ക് 2000 റണ്‍സ് തികക്കാൻ 40 ഇന്നിങ്സാണ് വേണ്ടി വന്നതെങ്കില്‍ ഗില്ലിന് 38 ഇന്നിങ്സേ കളിക്കേണ്ടി വന്നുള്ളൂ. പാകിസ്താൻ താരങ്ങളായ സഹീര്‍ അബ്ബാസ്, ബാബര്‍ അസം, ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സണ്‍, ദക്ഷിണാഫ്രിക്കയുടെ റസീ വാൻഡെര്‍ ഡൂസൻ എന്നിവര്‍ 45 ഇന്നിങ്സുകളില്‍ 2000 റണ്‍സടിച്ചവരാണ്.
ലോകകപ്പിലെ അഞ്ചാം മത്സരത്തിനിറങ്ങിയ ഇന്ത്യ ന്യൂസിലാൻഡിനെ നാല് വിക്കറ്റിനാണ് തോല്‍പിച്ചത്. 104 പന്തില്‍ 95 റണ്‍സെടുത്ത വിരാട് കോഹ്‍ലിയാണ് ജയം എളുപ്പമാക്കിയത്. സെഞ്ച്വറിക്ക് അഞ്ച് റണ്‍സകലെ മാറ്റ് ഹെൻ റിയുടെ പന്തില്‍ െഗ്ലൻ ഫിലിപ്സ് പിടികൂടിയാണ് കോഹ്‍ലി മടങ്ങിയത്. വിജയത്തോടെ ലോകകപ്പിലെ കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച ഇന്ത്യ പട്ടികയില്‍ ഒന്നാമതെത്തി.
ക്യാപ്റ്റൻ രോഹിത് ശര്‍മ (46), ശുഭ്മൻ ഗില്‍ (26), ശ്രേയസ് അയ്യര്‍ (33), കെ.എല്‍ രാഹുല്‍ (27), സൂര്യകുമാര്‍ യാദവ് (2) എന്നിവരുടെ വിക്കറ്റുകളാണ് കോഹ്‍ലിക്ക് പുറമെ ഇന്ത്യക്ക് നഷ്ടമായത്. 39 റണ്‍സുമായി രവീന്ദ്ര ജദേജയും ഒരു റണ്‍സുമായി മുഹമ്മദ് ഷമിയും പുറത്താകാതെനിന്നു. ന്യൂസിലാൻഡിന്റെ അഞ്ച് വിക്കറ്റ് പിഴുത മുഹമ്മദ് ഷമിയാണ് മത്സരത്തിലെ താരം. കുല്‍ദീപ് യാദവ് രണ്ടും മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.