തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരവൃത്തി ഗൂഢാലോചനക്കേസ് നാലാം പ്രതി മുന്‍ ഡി.ജി.പി സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റു നാലു പ്രതികള്‍ക്ക് നേരത്തെ ഹൈകോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
സിബി മാത്യൂസിന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ നമ്ബി നാരായണനും ഇരകളും മാലി സ്വദേശികളുമായ മറിയം റഷീദയും ഫൗസിയ ഹസനും ഹരജി നല്‍കിയിരുന്നു.
ചാരക്കേസ് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് എന്നനിലയില്‍ ഐ.ബിയുടെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നുമാണ് സിബി മാത്യൂസ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, മനഃപൂര്‍വം സിബി മാത്യൂസ് തന്നെ കേസില്‍ കുടുക്കുകയായിരുന്നെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു നമ്ബി നാരായണെന്റ വാദം.
മുന്‍ പൊലീസ്, ഐ.ബി ഉദ്യോഗസ്ഥരടക്കം 18 പേരാണ് കേസിലെ പ്രതികള്‍.