മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ അതിശക്തമായ മഴ. ശമനമില്ലാതെ തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് കൊങ്കണ്‍ മേഖലയിലെ നിരവധി ജില്ലകളില്‍ വെള്ളപ്പൊക്കം. കൊങ്കണ്‍ റെയില്‍വേ റൂടിലോടുന്ന നിരവധി ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി. ഇതോടെ കൊങ്കണ്‍ റെയില്‍വേ റൂടിലെ വിവിധ സ്റ്റേഷനുകളില്‍ ട്രെയിനുകളില്‍ ആറായിരത്തോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
മുംബൈയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ വെള്ളപ്പൊക്കമുണ്ടായ ചിപ്ലൂണില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. ചിപ്ലൂണില്‍ പ്രാദേശിക മാര്‍കെറ്റ്, ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവയെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. രത്നഗിരി, റായ്ഗഡ് ജില്ലകളിലെ പ്രധാന നദികള്‍ കരകവിഞ്ഞൊഴുകിയിരിക്കുകയാണ്.
ശക്തമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മുംബൈ -ഗോവ ഹൈവേ അടച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെല്ലാം കോസ്റ്റ്ഗാര്‍ഡ് ദുരന്ത നിവാരണ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. മഴവെള്ളത്തില്‍ മുങ്ങിയ തെരുവുകളുടെയും വാഹനങ്ങളുടെയും ചിത്രങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടു.