ഉപേക്ഷിച്ച മോമോസ് മാലിന്യം രാത്രിയില്‍ തിരികെ എടുക്കാന്‍ എത്തിയപ്പോള്‍ കണ്ടത് ശംഖുവരയനെ, പഞ്ചായത്ത് സെക്രട്ടറിയുടെ കാല് പിടിച്ച്‌ ഹോട്ടലുടമ

June 5, 2023
23
Views

പൊതുസ്ഥലത്ത് മാലിന്യംതള്ളിയവരെ പൊക്കാൻ പഞ്ചായത്ത് സെക്രട്ടറി ‘ഷെര്‍ലക് ഹോംസായി’.

തൃപ്പൂണിത്തുറ: പൊതുസ്ഥലത്ത് മാലിന്യംതള്ളിയവരെ പൊക്കാൻ പഞ്ചായത്ത് സെക്രട്ടറി ‘ഷെര്‍ലക് ഹോംസായി’.

അരിച്ചുപെറുക്കിയുള്ള അന്വേഷണത്തില്‍ മാലിന്യം തള്ളിയവരെ തെളിവുസഹിതം പൊക്കി. വിളിച്ചുവരുത്തി പിഴയടിപ്പിച്ച ശേഷം തള്ളിയമാലിന്യം’ കൈയോടെ’ കൊടുത്തുവിടുകയും ചെയ്തു. ഉദയംപേരൂര്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഹാഷിമാണ് ഡിക്ടറ്റീവായത്. പഞ്ചായത്ത് പരിധിയില്‍ മാലിന്യംതള്ളല്‍ വ്യാപകമായതോടെയാണ് സൈക്രട്ടറി കളത്തിലിറങ്ങിയത്. സഹായത്തിന് പഞ്ചായത്ത് ഉദ്യോഗസ്ഥരെയും കൂടേക്കൂട്ടി. നടക്കാവ് റോഡരികില്‍ തള്ളിയ മാലിന്യംനിറച്ച കവറുകള്‍ തുറന്ന് പരിശോധിച്ചാണ് കുറ്റവാളികളികളെ കണ്ടെത്തിയത്.

• ഒരു മാലിന്യക്കവറില്‍ നിന്ന് മണീട് പഞ്ചായത്തിലെ ഡേവിഡിനുവന്ന കൊറിയര്‍ കിട്ടി. പഞ്ചായത്ത് അംഗത്തെ ബന്ധപ്പെട്ട് ഡേവിഡിനെ കണ്ടെത്തി. മാലിന്യം അരൂക്കുറ്റിയിലെ സജീര്‍ എന്നയാള്‍ക്ക് നല്‍കിയതാണെന്നായിരുന്നു ഇയാളുടെ മൊഴി. തുടര്‍ന്ന് സജീറിനെ കൈയോടെ പൊക്കി 5,000 രൂപ പിഴ ഈടാക്കി.

• മറ്റൊരു കവറില്‍ നിന്ന് ഫസ്റ്റ്ക്രൈ എന്ന സ്ഥാപനത്തിന്റെ ഒഴിഞ്ഞ കുറെ പാക്കറ്റുകള്‍ കിട്ടി. പൂനെയിലെ വിലാസത്തില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ കൈമലര്‍ത്തി. തുടരന്വേഷണം ചെന്നുനിന്നത് ഒബ്റോണ്‍ മാളിന് സമീപത്ത് ഈയിടെ തുടങ്ങിയ ഫസ്റ്റ്ക്രൈ സ്ഥാപനത്തില്‍. ജീവനക്കാരെ വിളിച്ചു വരുത്തി 20,000 രൂപ പിഴ ഈടാക്കി.

• കടലാസ് മാലിന്യങ്ങളുടെ മറ്റൊരു ചാക്ക് പൊട്ടിച്ചപ്പോള്‍ കിട്ടിയത് തൃപ്പൂണിത്തുറ പ്രൊഫഷനല്‍ കൊറിയറിന്റെ ലേബലുകള്‍. പിഴയായി 2,500 രൂപ കൈയോടെ അടപ്പിച്ചു.

• ഉപേക്ഷിച്ച മോമോസ് രാത്രിയില്‍ തിരികെ എടുക്കാൻ വന്ന ഹോട്ടലുകാരൻ ശംഖുവരയൻ പാമ്ബിനെ കവറിനകത്ത് കണ്ട് തിരികെയോടി. സെക്രട്ടറിക്ക് മൊബൈലില്‍ പാമ്ബിന്റെ ഫോട്ടോ അയച്ച്‌ നടപടി ഒഴിവാക്കാൻ കാലുപിടിക്കേണ്ടി വന്നു.

ക്യാമറയെ വെട്ടിച്ച്‌ മാഫിയ

സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്ന നടക്കാവ് – മുളന്തുരുത്തി റോഡ് ഈയിടെയാണ് നവീകരിച്ച്‌ ലൈറ്റുകള്‍ സ്ഥാപിച്ചത്. 14 ലക്ഷം രൂപ ചെലവഴിച്ച്‌ സോളാര്‍ സി.സി.ടി.വി ക്യാമറകളും ഘടുപ്പിച്ചു. സി.സി.ടിവിയില്ലാത്ത മേഖലകള്‍ തിരഞ്ഞുപിടിച്ച്‌ മാലിന്യംതള്ളല്‍ തകൃതിയായതാണ് സെക്രട്ടറിയെ ‘ഡിറ്റക്ടീവ്” ആക്കിയത്.

“മാലിന്യ നിക്ഷേപകരില്‍ നിന്ന് രണ്ട് ആഴ്ചയ്ക്കുള്ളില്‍ 42,500 രൂപ പിഴയീടാക്കി. ഉദയംപേരൂരില്‍ മാലിന്യം തള്ളാൻ വരുന്നവര്‍ ശക്തമായ നിരീക്ഷണത്തിലാണ്. ഭീമമായ തുക പിഴയടയ്ക്കേണ്ടി വരും”.

മുഹമ്മദ് ഹാഷിം

പഞ്ചായത്ത് സെക്രട്ടറി

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *