തിരുവനന്തപുരം: പുരപ്പുറ സോളര്‍ പദ്ധതി നടപ്പാക്കിയവര്‍ക്ക് ഉയര്‍ന്ന വൈദ്യുതി ബില്ല് വരുന്നെന്ന പരാതിയില്‍ വിശദീകരണവുമായി കെഎസ്‌ഇബി.
സോളര്‍ ബില്‍ സെറ്റില്‍മെന്റ് സെപ്റ്റംബറില്‍ നിന്നു മാര്‍ച്ചിലേക്കു മാറ്റിയതാണ് ഉപഭോക്താക്കള്‍ക്കും വന്‍ തിരിച്ചടിയായത്. ഉയര്‍ന്ന ബില്‍ തുകയ്‌ക്കെതിരെ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയടക്കം സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
സോളര്‍ പ്ലാന്റ് സ്ഥാപിച്ചവര്‍ക്ക് കഴിഞ്ഞ 2 മാസമായി ഉയര്‍ന്ന ബില്‍ വരുന്നുവെന്നാണ് ഉപഭോക്താക്കളുടെ മുഖ്യപരാതി. സോളര്‍ ഉപയോഗിക്കുന്നവര്‍ക്ക് കെഎസ്‌ഇബി രഹസ്യമായി വൈദ്യുതി ചാര്‍ജ് കൂട്ടി. ഉപയോഗം കൂടാതെ ബില്‍ തുക ഉയരുന്നുവെന്നും പരാതിയുണ്ട്.
സോളര്‍ ബില്ലിങ്ങിനെക്കുറിച്ച് ധാരണയില്ലാത്തവരാണ് ആരോപണം ഉന്നയിക്കുന്നതെന്ന് കെഎസ്‌ഇബി. വൈദ്യുതിക്ക് രാജ്യത്ത് ഡൈനമിക് പ്രൈസിങ്ങാണ് നിലവിലുള്ളത്. പകല്‍ സമയത്തെ (സോളര്‍ മണിക്കൂറുകള്‍) വിലയെക്കാള്‍ വളരെക്കൂടുതലാണ് വൈകിട്ട് 6നും 12നും ഇടയിലെ വൈദ്യുതി വില. സോളര്‍ ഉല്‍പാദനം പകലാണു നടക്കുക. അതിനാല്‍ പകലിലെ ഉപയോഗവും ഉല്‍പാദനവും തമ്മില്‍ താരതമ്യം ചെയ്യുമ്ബോള്‍ ഉപയോക്താവിനു ലാഭമുണ്ടാകും. എന്നാല്‍ ഈ മാസങ്ങളില്‍ രാത്രി വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നതിനാല്‍ ബില്‍ തുക കൂടുന്നത് സ്വാഭാവികമാണെന്നും കെഎസ്‌ഇബി വ്യക്തമാക്കി.