ഹിന്ദു ദൈവമായ ശ്രീകൃഷ്ണന്റെ ജന്മദിനമായ ജന്മാഷ്ടമി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആഘോഷിക്കുന്നു. ‘ഗോകുലാഷ്ടമി’, കൃഷ്ണാഷ്ടമി, അഷ്ടമി രോഹിണി, ശ്രീ ജയന്തി, ശ്രീകൃഷ്ണ ജയന്തി എന്നിങ്ങനെ വ്യത്യസ്ത പേരുകളിലും ഈ ദിവസം അറിയപ്പെടുന്നു. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പതിനായിരം കേന്ദ്രങ്ങളില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ഒരുക്കിയിട്ടുള്ളത്.
കൃഷ്ണ വേഷമണിഞ്ഞ കുട്ടികള്‍ ഓരോ വീടുകള്‍ക്ക് മുന്നിലും ഒത്തു കൂടിയാണ് ശോഭായാത്രയില്‍ ഭാഗമാകുന്നത്. കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടാകും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ വെര്‍ച്യുല്‍ സംവിധാന വഴി കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരും മത-സാംസ്‌കാരിക നേതാക്കളും സാംസ്‌കാരിക സമ്മേളത്തില്‍ പങ്കെടുക്കും.
ആറന്മുളയില്‍ അഷ്ടമി രോഹിണി മഹാസദ്യ ആചാരപ്രകാരമുള്ള ചടങ്ങുകളോടെ നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ 3 പള്ളിയോടങ്ങളിലായി എത്തുന്ന 120 പേര്‍ക്ക് മാത്രമാണ് വള്ള സദ്യ ഒരുക്കുന്നത്. പൊതു ജനങ്ങള്‍ക്ക് പ്രവേശനമില്ല. ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് ശേഷമാണ് വള്ളസദ്യ. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു ഉദ്ഘാടനം ചെയ്യും. മാരാമണ്‍, കോഴഞ്ചേരി, കീഴ് വന്മഴി പള്ളിയോടങ്ങളാണ് ചടങ്ങുകളില്‍ പങ്കെടുക്കുന്നത്
ഹിന്ദു ദൈവമായ ഭഗവാന്‍ വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണനെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൃഷ്ണന്‍ ജനിച്ചത് ഭദ്രപാദ മാസത്തിലെ കൃഷ്ണ പക്ഷത്തിന്റെ എട്ടാം ദിവസമാണ് അഷ്ടമി.
ജന്മാഷ്ടമി ഗുജറാത്തിലും രാജസ്ഥാനിനും ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന മഥുരയിലും വളരെ ആഘോഷത്തോടെയാണ് കൊണ്ടാടാറുള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മണിപ്പൂര്‍ എന്നിവിടങ്ങളിലും ഉത്സവം ആഘോഷിക്കാറുണ്ട്. കേരളത്തില്‍ ശ്രീകൃഷ്ണ ജയന്തി എന്നാണ് ഈ ദിനം പൊതുവേ അറിയപ്പെടുന്നത്.
പുരാണങ്ങളിലെ വിശ്വാസ പ്രകാരമാണ് ഈ ദിനം ആഘോഷിക്കുന്നത്. ഭക്തര്‍ ജന്മാഷ്ടമി ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കുകയും പൂജയ്ക്ക് ശേഷം പിറ്റേന്ന് പ്രഭാതത്തില്‍ വ്രതം അവസാനിക്കുകയും ചെയ്യും.