രാജ്യത്തെ പടിഞ്ഞാറൻ തീരത്ത് 48 മണിക്കൂര്‍ സമുദ്ര ഗവേഷണം നടത്താൻ ചൈനീസ് കപ്പലിന് അനുമതി നല്‍കിയെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം.
കൊളംബോ : രാജ്യത്തെ പടിഞ്ഞാറൻ തീരത്ത് 48 മണിക്കൂര്‍ സമുദ്ര ഗവേഷണം നടത്താൻ ചൈനീസ് കപ്പലിന് അനുമതി നല്‍കിയെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം.
ചൈനയുടേത് ചാരക്കപ്പല്‍ ആകാമെന്ന ഇന്ത്യയുടെ ആശങ്കകള്‍ക്കിടെയാണ് തീരുമാനം.
ബുധനാഴ്ച മുതല്‍ കൊളംബോയിലുള്ള ഷി യാൻ – 6 എന്ന കപ്പലിന് ഇന്ന് മുതല്‍ രണ്ട് ദിവസത്തേക്കാണ് ഗവേഷണ അനുമതി. ലങ്കൻ ഗവേഷകരും നാവിക സേനയും കപ്പലിനെ നിരീക്ഷിക്കും. നേരത്തെ കൊളംബോ തുറമുഖത്തെത്തി ഇന്ധനം നിറയ്ക്കാനും മറ്റുമാണ് ചൈനീസ് കപ്പലുകള്‍ക്ക് ശ്രീലങ്കയുടെ അനുമതി ലഭിച്ചിരുന്നത്.
മേഖലയിലെ ചൈനീസ് ഗവേഷണ കപ്പലുകളുടെ സാന്നിദ്ധ്യത്തില്‍ ഇന്ത്യ മുമ്ബും ആശങ്ക രേഖപ്പെടുത്തിയിരുന്നു. അതീവ രഹസ്യ സിഗ്നലുകള്‍ ചോര്‍ത്താൻ ശേഷിയുള്ള സംവിധാനങ്ങളോട് കൂടിയവയാണ് ഈ കപ്പലുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആണവ, മിസൈല്‍, ബഹിരാകാശ സംവിധാനങ്ങളിലെ സിഗ്നലുകള്‍ ചോര്‍ത്താൻ കഴിയുന്ന ചാരക്കപ്പലായ ‘ യുവാൻ വാംഗ് -5″ നെ ചൈന ശ്രീലങ്കയില്‍ ഹാംബൻതോട്ട തുറമുഖത്തടുപ്പിച്ചിരുന്നു. ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് ശ്രീലങ്ക കപ്പല്‍ അടുപ്പിക്കാൻ അനുമതി നല്‍കുകയായിരുന്നു. ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് കപ്പലെത്തിയത്. ഹാംബൻതോട്ട തുറമുഖം 2017 മുതല്‍ ചൈന 99 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തിരിക്കുകയാണ്