പാലക്കാട്: വടക്കഞ്ചേരി സ്വദേശിനി ശ്രുതിയെ ഭര്‍ത്താവ് തീകൊളുത്തി ക്രൂരമായി കൊന്നതാണെന്ന് തെളിഞ്ഞു. ശ്രുതിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. പരസ്ത്രീ ബന്ധം ചോദ്യംചെയ്തതിന് ഭര്‍ത്താവ് ശ്രീജിത്ത് മക്കളുടെ മുന്നില്‍വച്ച് ഭാര്യയെ തീകൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ കുട്ടികളുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ആത്മഹത്യാ പ്രേരണയ്ക്ക് നേരത്തേ അറസ്റ്റിലായ ശ്രീജിത്ത് ഇപ്പോള്‍ റിമാന്‍ഡിലാണ്.
12 വര്‍ഷം മുന്‍പാണ് ശ്രുതിയും ശ്രീജിത്തും വിവാഹിതരായത്. കഴിഞ്ഞ ജൂണ്‍ പതിനെട്ടിനാണ് ശ്രുതിയെ കിഴക്കഞ്ചേരിയിലെ ശ്രീജിത്തിന്റെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇരുപത്തിയൊന്നിന് മരിച്ചു. മകളുടെ മരണത്തില്‍ സംശയം ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്തെത്തി. ശ്രുതിയെ ഭര്‍ത്താവ് തീ കൊളുത്തിയതായി സംശയമുണ്ടെന്ന് കാണിച്ച് മാതാപിതാക്കള്‍ വടക്കഞ്ചേരി പൊലീസിന് മൊഴിനല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്തും ശ്രുതിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും വഴക്കുകള്‍ പതിവായിരുന്നതായും പൊലീസിന് വ്യക്തമായി.
ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായുണ്ടായിരുന്ന ബന്ധമാണ് വഴക്കിന് കാരണമെന്നും വ്യക്തമായി. ശ്രുതിക്ക് പൊള്ളലേറ്റ വിവരം കുട്ടികളാണ് അയല്‍വീട്ടില്‍ അറിയിച്ചത്. അച്ഛന്‍ അമ്മയെ തീകൊളുത്തി എന്നാണ് കുട്ടികള്‍ പറഞ്ഞത്. ഇതും അന്വേഷണത്തില്‍ നിര്‍ണായകമാവുകയായിരുന്നു. ചോദ്യം ചെയ്യലില്‍ എല്ലാകാര്യവും ശ്രീജിത്ത് സമ്മതിച്ചിട്ടുണ്ട്.