ടോക്കിയോ: ജപ്പാനില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് ജപ്പാന്റെ കിഴക്കന്‍ ഭാഗത്താണ്. ഭൂചലനം തലസ്ഥാനമായ ടോക്കിയോയെ പിടിച്ചുകുലുക്കിയതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ തുടര്‍ന്ന് ജപ്പാന്റെ വടക്കുകിഴക്കന്‍ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഫുകുഷിമ മേഖലയുടെ 60 കിലോമീറ്റര്‍ താഴെയായാണ് ഭൂചലനം ഉണ്ടായത്. രാത്രി 11:36 ന് (1436 ജിഎംടി) ഭൂചലനം ഉണ്ടായതിന് തൊട്ടുപിന്നാലെ, തീരത്തിന്റെ ചില ഭാഗങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.
ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ഇരുപത് ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി. ടോക്കിയോ നഗരത്തില്‍ മാത്രം ഏഴ് ലക്ഷത്തോളം വീടുകളാണ് ഇരുട്ടിലായത്. ഫുകുഷിമ ആണവ നിലയത്തിന് ഏതെങ്കിലും തരത്തിലുള്ള അപകട സാധ്യത ഉണ്ടായിട്ടുണ്ടോ എന്നകാര്യം പരിശോധിച്ചു വരികയാണെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയച്ചു.