കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിൽ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്നു മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സുബ്രത മുഖർജി (75) അന്തരിച്ചു. ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.
നേരത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ മുഖർജിയെ കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
കൊൽക്കത്ത മുൻ മേയർ കൂടിയായിരുന്ന മുഖർജി നാരദ നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി റിമാൻഡിൽ കഴിഞ്ഞിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ബലിഗഞ്ച് മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
എഴുപതുകളിൽ പശ്ചിമ ബംഗാളിലെ കോൺഗ്രസിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്ന മുഖർജി 2010ലാണ് കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നത്.
തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു വലിയ നഷ്ടമാണിതെന്നാണ് മരണത്തെക്കുറിച്ച് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചത്.