കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യൻ അണ്ടർ 19 ക്യാമ്പിലേക്ക് പകരം താരങ്ങൾ

January 22, 2022
198
Views

അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ക്യാമ്പിലേക്ക് അഞ്ച് താരങ്ങളെക്കൂടി ഉൾപ്പെടുത്തി ബിസിസിഐ. ക്യാപ്റ്റൻ യാഷ് ധുൽ അടക്കം ആറ് പേർ കൊവിഡ് ബാധിതരായതോടെയാണ് ബിസിസിഐ പകരം താരങ്ങളെ അയച്ചത്. മലയാളി താരം ഷോൺ റോജർ പട്ടികയിൽ ഉൾപ്പെടുമെന്ന് കരുതപ്പെട്ടിരുന്നു എങ്കിലും അതുണ്ടായില്ല. ഇന്ന് ഉഗാണ്ടക്കെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. വിക്കറ്റ് കീപ്പർ ബാറ്റർ അഭിഷേക് പോരൽ (ബംഗാൾ), ബാറ്റിംഗ് ഓൾറൗണ്ടർ ഉദയ് സഹറൻ (പഞ്ചാബ്), മീഡിയം പേസർ റിഷിത് റെഡ്ഡി (ഹൈദരാബാദ്), ബാറ്റർ അൻഷ് ഗോസായ് (സൗരാഷ്ട്ര), മീഡിയം പേസർ പിഎം സിംഗ് റാത്തോർ (രാജസ്ഥാൻ) എന്നീ താരങ്ങളാണ് പുതുതായി ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടത്. ഇന്നലെ ഇവർ ഇന്ത്യയിൽ നിന്ന് വെസ്റ്റ് ഇൻഡീസിലേക്ക് പറന്നു. ഇവരിൽ പല താരങ്ങളും അതാത് ആഭ്യന്തര ടീമുകളുടെ അണ്ടർ 16, 19 ടീമുകളിൽ കളിച്ചവരാണ്. ഇന്ത്യ അണ്ടർ 19 എ, ബി ടീമുകളിലും ഇവർ കളിച്ചിട്ടുണ്ട്. കഴിഞ്ഞ കൂച്ച് ബെഹാർ ട്രോഫിയിൽ 700ലധികം റൺസ് അടിച്ച താരമാണ് അഭിഷേക് പോരൽ.

ക്യാപ്റ്റൻ യാഷ് ധുൽ വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദ്, ആരാധ്യ യാദവ്, വാസു വാറ്റ്സ്, മാനവ് പ്രകാശ്, സിദ്ധാർത്ഥ് യാദവ് എന്നീ താരങ്ങളാണ് കൊവിഡ് ബാധിച്ച് നിലവിൽ ഐസൊലേഷനിൽ പ്രവേശിച്ചത്. ആകെ 17 താരങ്ങളുള്ള ഇന്ത്യൻ സ്ക്വാഡിൽ 11 പേരാണ് അവശേഷിച്ചിരുന്നത്. ഈ സന്ദർഭത്തിലാണ് ബിസിസിഐയുടെ ഇടപെടൽ.ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഇല്ലാതെയാണ് ഇറങ്ങിയതെങ്കിലും അയർലൻഡിനെ ഇന്ത്യ 174 റൺസിനു തകർത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 307 റൺസെടുത്തു. 88 റൺസുമായി ഹർനൂർ സിംഗ് ടോപ്പ് സ്കോറർ ആയപ്പോൾ അങ്ക്‌ക്രിഷ് രഘുവൻശി (79)യും അർദ്ധസെഞ്ചുറി നേടി. രാജ്‌വർധൻ ഹങ്കർഗേക്കർ 17 പന്തിൽ 39 റൺസെടുത്ത് പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡിനെ 133 റൺസിന് ഇന്ത്യ പുറത്താക്കി.

Article Categories:
Sports

Leave a Reply

Your email address will not be published. Required fields are marked *