കെ സുധാകരനെതിരായ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമര്‍ശത്തിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരുവ് ഗൂണ്ടയുടെ ഭാഷയിലാണ് ജില്ലാ സെക്രട്ടറി സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കെ സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണ് വാരിയിടാന്‍ സമ്മതിക്കില്ലെന്നും വി ഡി സതീശന്‍ തിരിച്ചടിച്ചു.
കേരളത്തെ ഗൂണ്ട കോറിഡോറാക്കി മാറ്റുന്നത് സിപിഐഎം ആണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മയക്കുമരുന്ന് സംഘങ്ങളെ വരെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇവരാണ്. ഇതെല്ലാം കൊണ്ടാണ് സിപിഐഎം നേതാവിന് തെരുവ് ഗൂണ്ടയുടെ ഭാഷ വന്നത്. കെപിസിസി പ്രസിഡന്റിനെതിരെ നികൃഷ്ട ജീവി എന്ന ഒരു പ്രയോഗമാണ് സിപിഐഎം ജില്ലാ സെക്രട്ടറി ഉന്നയിച്ചത്. ഈ വാക്ക് ആദ്യമായി സംഭാവന ചെയ്തത് പിണറായി വിജയനാണ്. ഈ പരാമര്‍ശത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി നേതൃത്വം എന്തെങ്കിലും നടപടിയെടുക്കാന്‍ തയാറാകുമോ എന്നാണ് തങ്ങള്‍ക്ക് അറിയേണ്ടത്. ഇടുക്കി ജില്ലയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും ജില്ലാ സെക്രട്ടറിക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതമെന്ന ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ പരാമര്‍ശമാണ് വിവാദമായത്. നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ലെന്നും സി വി വര്‍ഗീസ് ആക്ഷേപിച്ചിരുന്നു.
‘സിപിഐഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും സിപിഐഎം നേതാവ് ഓര്‍മ്മിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഐഎം ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ ആയിരുന്നു വിവാദ പരാമര്‍ശം.