മാവേലിക്കരയില്‍ ആറു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനില്‍നിന്ന് ചാടി മരിച്ചു.
കൊല്ലം: മാവേലിക്കരയില്‍ ആറു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനില്‍നിന്ന് ചാടി മരിച്ചു. പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷാ(38)ണ് മരിച്ചത്.
റിമാന്‍ഡിലായ പ്രതിയെ ആലപ്പുഴ കോടതിയിലെ വിചാരണ കഴിഞ്ഞു മെമു ട്രെയിനില്‍ തിരികെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണു സംഭവം. ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച് മൂത്രമൊഴിക്കാനൊന്നു പറഞ്ഞു പോയ ഇയാള്‍, രണ്ടു പോലീസുകാരെ തള്ളി മാറ്റി ട്രാക്കിലേക്ക് ചാടുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നേരത്തെ മാവേലിക്കര സബ് ജയിലില്‍ എത്തിച്ചപ്പോള്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സഹതടവുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണ്‍ ഏഴിന് വൈകിട്ട് ഏഴരയോടെയാണ് ഇയാള്‍ മകളായ നക്ഷത്രയെ (ആറ്) മഴു കൊണ്ടു വെട്ടി കൊലപ്പെടുത്തിയത്.
പുന്നമൂട് ആനക്കൂട്ടില്‍ വീടിന്റെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരിക്കയായിരുന്ന നക്ഷത്രയെ ഒരു സര്‍പ്രൈസ് തരാമെന്ന് പറഞ്ഞു ചരിച്ചു കിടത്തിയ ശേഷം കൈയില്‍ ഒളിപ്പിച്ചിരുന്ന മഴു ഉപയോഗിച്ച് ശ്രീമഹേഷ് കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. അപ്രതീക്ഷിതമായി അവിടേക്ക് കയറിച്ചെന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദയേയും ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇയാളെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്നു വര്‍ഷം മുമ്ബ് ശ്രീമഹേഷിന്റെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. ഭാര്യയുടെ മരണശേഷം വീണ്ടും വിവാഹിതനാകാനുള്ള ശ്രീമഹേഷിന്റെ നീക്കത്തിന് മകളായ നക്ഷത്ര തടസമാകുമെന്നു കണ്ടു കൊലപ്പെടുത്തിയെന്നും പ്രതിയുടെ മാതാവിനെ കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് കേസ്. ഗള്‍ഫിലായിരുന്ന ഇയാള്‍ പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. വനിതാ കോണ്‍സ്റ്റബിളുമായി ശ്രീമഹേഷിന്റെ പുനര്‍വിവാഹം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇയാളുടെ സ്വഭാവത്തെക്കുറിച്ച് അറിഞ്ഞതോടെ വിവാഹം മുടങ്ങി. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.