ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനെ തുടര്‍ന്ന് പഠനം മുടങ്ങിയ നഴ്സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.
പത്തനംതിട്ട: ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനെ തുടര്‍ന്ന് പഠനം മുടങ്ങിയ നഴ്സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.
കോന്നി എലിയറയ്ക്കല്‍ സ്വദേശിനി അതുല്യ (20)യാണ് മരിച്ചത്. ബംഗളൂരുവിലെ നഴ്സിങ് കോളജിലെ ബിഎസ്സി നഴ്സിങ് വിദ്യാര്‍ത്ഥിയായിരുന്നു. ഫീസടയ്ക്കാനായി വായ്പയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും അത് ലഭിക്കാത്തതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അതുല്യ.
കഴിഞ്ഞ വര്‍ഷം ബംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്താല്‍ നഴ്സിങ് അഡ്മിഷൻ നേടിയതായിരുന്നു അതുല്യ. അടുത്തിടെ ട്രസ്റ്റ് അധികൃതരെ വായ്പാ തട്ടിപ്പിന് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അതുല്യ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ക്ക് ഫീസടയ്ക്കാൻ പറ്റാതെ പഠനം മുടങ്ങി. എന്നാല്‍ 10,000 രൂപ അടച്ച് അതുല്യ പഠനം തുടര്‍ന്നിരുന്നു.
രണ്ടാം വര്‍ഷത്തെ ക്ലാസുകള്‍ക്കായി ചെന്നപ്പോള്‍ ആദ്യ വര്‍ഷത്തെ ഫീസ് അടച്ച് അഡ്മിഷൻ പുതുക്കി വീണ്ടും ഒന്നാം വര്‍ഷം മുതല്‍ പഠിക്കണമെന്ന് നിര്‍ദേശിച്ചു. ഇതോടെ അതുല്യ തിരികെ പോന്നു. ഫീസ് അടയ്ക്കാനായി നിരവധി ബാങ്കുകളില്‍ അതുല്യ വായ്പ തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അതുല്യയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.