സ്കൂള്‍ വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ചു.
തിരുവനന്തപുരം > സ്കൂള്‍ വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ചു. പട്ടം വൃന്ദാവൻ ഗാര്‍ഡൻസില്‍ അഭിലാഷിന്റെയും നിഷയുടെയും മകള്‍ സാൻവി അഭിലാഷ് (15) ആണ് പട്ടത്തെ ശാലോം ഷോപ്പിങ് കോംപ്ലക്സിനു മുകളില്‍നിന്ന് വീണ് മരിച്ചത്.
ആര്യ സെൻട്രല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അടുത്ത കടകളിലെ ജീവനക്കാര്‍ ശബ്ദംകേട്ട് ഓടിയെത്തി മെഡി. കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് സ്കൂള്‍ വിട്ടുവന്ന സാൻവിയെ അമ്മ നിഷ വൈകിട്ട് ട്യൂഷൻ ക്ലാസിന് കൊണ്ടുപോയി വിട്ടിരുന്നു. ക്ലാസില്‍ കയറാതെ തിരിച്ചുവന്ന സാൻവി കെട്ടിടത്തിന് മുകളിലേക്ക് കയറുകയായിരുന്നു. കുട്ടി കെട്ടിടത്തിന് മുകളിലേക്ക് തിടുക്കത്തില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ടെറസില്‍നിന്ന് കുട്ടിയുടെ ബാഗും ഷൂസും കണ്ടെടുത്തു.
പഠിക്കാൻ മിടുക്കിയായിരുന്നുവെന്നും സാൻവിയെ ഈ വര്‍ഷം ക്ലാസ് ലീഡറായി തെരഞ്ഞെടുത്തിരുന്നുവെന്നും അധ്യാപകര്‍ പറഞ്ഞു. ബാലരാമപുരം നെല്ലിവിള സ്വദേശികളായ അഭിലാഷും നിഷയും വൈദ്യുതി ഭവനില്‍ ജീവനക്കാരാണ്. നാല് വയസ്സുകാരി സ്വാതികയാണ് സാൻവിയുടെ സഹോദരി.
വിവരമറിഞ്ഞ് കന്റോണ്‍മെന്റ് സിഐ സ്റ്റ്യുവര്‍ട്ട് കീലര്‍, പേരൂര്‍ക്കട സിഐ സൈജുനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. ഡെപ്യൂട്ടി മേയര്‍ പി കെ രാജു, സ്ഥിരംസമിതി അധ്യക്ഷൻ അംശു വാമദേവൻ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. മെഡി. കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.