രണ്ടുവര്‍ഷം എഴുതിയിട്ടും നീറ്റ് കിട്ടിയില്ല; തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

August 14, 2023
37
Views

നീറ്റ് പരീക്ഷയുടെ പേരില്‍ തമിഴ്‌നാട്ടില്‍ വീണ്ടും ആത്മഹത്യ.

ചെന്നൈ: നീറ്റ് പരീക്ഷയുടെ പേരില്‍ തമിഴ്‌നാട്ടില്‍ വീണ്ടും ആത്മഹത്യ. ചെന്നൈയില്‍ അച്ഛനും മകനും ആത്മഹത്യ ചെയ്തു.

ശനിയാഴ്ചയാണ് 19കാരനായ ജഗദീശ്വരന്‍ ആത്മഹത്യ ചെയ്തത്. 2022ല്‍ പ്ലസ് ടു 427 മാര്‍ക്കോടെ പാസ്സായ ജഗദീശ്വരന്, രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയിട്ടും യോഗ്യത നേടാനായില്ല. ഇതിന്റെ വിഷമത്തെ തുടര്‍ന്നാണ് ജഗദീശ്വരന്‍ വീട്ടില്‍ ആത്മഹത്യ ചെയ്തത്. മകന്‍ മരിച്ചതിന്റെ വിഷമം താങ്ങാനാകാതെ, പിതാവ് ശെല്‍വശേഖര്‍ ഞായറാഴ്ച വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു.

ശെല്‍വശേഖറിന്റെയും മകന്റെയും മരണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചിന്ത ഒഴിവാക്കി, ജീവിതത്തെ നേരിടാനുള്ള കരുത്ത് നേടണമെന്ന് അദ്ദേഹം പറഞ്ഞു.

നീറ്റ് പരീക്ഷാ പേടിയില്‍ തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നത് തുടര്‍ക്കഥയാണ്. നീറ്റ് പരീക്ഷയെ ചൊല്ലി, തമിഴ്‌നാട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് പുതിയ ആത്മഹത്യ. തങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റം സംഭവിച്ചാല്‍, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നീറ്റ് എന്ന മതില്‍ തകര്‍ന്നുവീഴുമെന്ന് എംകെ സ്റ്റാലിന്‍ പറഞ്ഞു.

നീറ്റ് പരീക്ഷയ്ക്ക് എതിരായി തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ ഒരിക്കലും താന്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി പറഞ്ഞിരുന്നു. ‘ഞാനാണ് ബില്ലിന് അനുമതി നല്‍കേണ്ട അവസാനയാള്‍. ഒരിക്കലും ഞാനത് ചെയ്യില്ല. എന്റെ കുട്ടികള്‍ക്ക് ബൗദ്ധികപരമായ വൈകല്യമുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കുട്ടികള്‍ മത്സരിക്കാനും മികച്ച നിലവാരം പുലര്‍ത്തുന്നവരാകാനും ഞാന്‍ ആഗ്രഹിക്കുന്നു.’ അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ഒരിക്കലും നീറ്റ് ബില്ലിന് ക്ലിയറന്‍സ് നല്‍കില്ല, അത് നിങ്ങളോട് വ്യക്തമായി പറയുകയാണ്. എന്നിരുന്നാലും കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയം ആയതിനാല്‍ അത് രാഷ്ട്രപതിയ്ക്ക് അയച്ചിരിക്കുകയാണ്.’ അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് പരീക്ഷ ഒഴിവാക്കണം എന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നത്. നേരത്തെ, നീറ്റിന് എതിരായ ബില്ല് സ്റ്റാലിന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചിരുന്നെങ്കിലും അദ്ദേഹം ഒപ്പിടാതെ തിരിച്ചയച്ചിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *